സിക്കിമില്‍ സൈനിക വാഹന അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളി സൈനികനും. പാലക്കാട് ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകന്‍ വൈശാഖ് ആണ് മരിച്ചത്. 221 കരസേന റജിമെന്റില്‍ നായിക്കായി സേവനം ചെയ്യുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു.

മൂന്ന് സൈനിക ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. ഇന്നു രാവിലെ ചട്ടെനില്‍ നിന്നും താങുവിലേക്ക് പോയ സൈന്യത്തിന്റെ മൂന്ന് വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പെട്ടത്. സെമയില്‍ എത്തിയപ്പോള്‍ റോഡിലെ വളവ് തിരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരണം സംബന്ധിച്ച വിവരം സൈനികവൃത്തങ്ങൾ ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചതായാണ് റിപ്പോർട്ട്. സൈനികരുടെ വിയോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നഥ് സിംഗ് അനുശോചിച്ചു.