ന്യൂഡല്‍ഹി: എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന് പുറത്തിറങ്ങാം. രണ്ട് വര്‍ഷം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്

കഴിഞ്ഞ സെപ്തംബറിൽ യുഎപിഎ കേസിൽ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി ആറാഴ്ച ഡൽഹിയിൽ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവിൽ അറിയിച്ചിരുന്നത്. എന്നാൽ ഇഡി കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ കാപ്പന്റെ മോചനം നീണ്ടുപോവുകയായിരുന്നു.

അക്കൗണ്ടിലേക്കെത്തിയ നാല്‍പത്തി അയ്യായിരം രൂപയുടെ ഉറവിടം കാപ്പന് വ്യക്തമാക്കാനായില്ലെന്നാണ് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹത്രസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴി 2020 ഒക്ടോബറിലായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് കോടതി ജാമ്യം അനുവദിച്ചത്.