ആമസോണിൽ മാക്‌ബുക്ക് ഓർഡർ ചെയ്‌തയാൾക്ക് ലഭിച്ചത് ഡോഗ് ഫുഡ്. യുകെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. താൻ ഓർഡർ ചെയ്‌ത വിലകൂടിയ ലാപ്‌ടോപ്പിന് പകരം അഞ്ച് പൗണ്ട് വരുന്ന നായയുടെ ഭക്ഷണം കൊണ്ട് വന്നപ്പോഴാണ് അദ്ദേഹത്തിന് സംഭവം പിടികിട്ടിയത്. ആപ്പിൾ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്‌തതിന് ശേഷം ആളുകൾക്ക് തെറ്റായ വസ്‌തുക്കൾ ലഭിക്കുന്നത് ഇതാദ്യമല്ല. നേരത്തെ ഇന്ത്യയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു.

നേരത്തെ ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു ഐഫോൺ ഓർഡർ ചെയ്‌തയാൾക്ക് ഇതിന് പകരം ഒരു സോപ്പ് കട്ടയാണ് ലഭിച്ചത്. പിന്നീട് കമ്പനി അദ്ദേഹത്തിന് റീഫണ്ട് നൽകിയെങ്കിലും ഇതും വാർത്തകളിൽ ഇടം നേടിയിരുന്നു. യുകെ ഡെർബിഷെയറിലെ അലൻ വുഡിനാണ് ഏറ്റവും ഒടുവിൽ ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. നവംബർ 29ന് ആമസോണിൽ ഇയാൾ തന്റെ മകൾക്ക് വേണ്ടി 1200 പൗണ്ടിന്റെ (1,20,000 രൂപ) ഒരു മാക്ബുക്ക് പ്രോ ഓർഡർ ചെയ്‌തു. എന്നാൽ ഓർഡർ വീട്ടിലെത്തിയപ്പോൾ അഞ്ച് പൗണ്ടിന്റെ ഡോഗ് ഫുഡ് ആയിരുന്നു ഇതിലുണ്ടായിരുന്നത്.
 
രണ്ട് പെട്ടിയിലായി പെഡിഗ്രി ഡോഗ് ഫുഡ് അടങ്ങിയതായി വുഡ് പറയുന്നു. അതിൽ 24 പാക്കറ്റ് “മിക്‌സ്‌ഡ് സെലക്ഷൻ ഇൻ ജെല്ലി” ഫ്ലേവറുകൾ കൂടിയുണ്ടായിരുന്നു. ” മാക്ബുക്ക് പ്രോയ്ക്ക് പകരം ഡോഗ് ഫുഡ് തുറന്നപ്പോൾ എന്റെ മുഖത്തെ ഭാവം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.” വുഡ് വ്യക്തമാക്കി. സംഭവം റിപ്പോർട്ട് ചെയ്‌തപ്പോൾ ആമസോണിന്റെ സപ്പോർട്ട് ടീം തന്നെ സഹായിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

“പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് ആദ്യം എനിക്ക് വിശ്വാസമുണ്ടായിരുന്നു, എന്നാൽ ആമസോൺ ഉപഭോക്തൃ സേവനവുമായി സംസാരിച്ചതിന് ശേഷം, എന്നെ സഹായിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു” വുഡ് വ്യക്തമാക്കി. ആമസോണുമായി പലതവണ ബന്ധപ്പെട്ടതായി വുഡ് ചൂണ്ടിക്കാട്ടി. ഇതിനായി ഏകദേശം 15 മണിക്കൂറിലധികം അദ്ദേഹം ചെലവഴിച്ചു.

“രണ്ട് പതിറ്റാണ്ടായി ഞാനൊരു ആമസോൺ ഉപഭോക്താവാണ്, നേരത്തെ അവരുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നാൽ ഇത് അങ്ങേയറ്റം സമ്മർദ്ദകരമായ ഒരു സാഹചര്യമാണ്, പ്രത്യേകിച്ച് എന്നോട് അവർ പെരുമാറിയ രീതി ആമസോണിൽ വീണ്ടും ഓർഡർ ചെയ്യുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുകയാണ്” വുഡ് കൂട്ടിച്ചേർത്തു. എന്നാൽ ഉപഭോക്താവുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും, മുഴുവൻ പണവും റീഫണ്ടായി നൽകുമെന്നും ആമസോൺ വക്താവ് അറിയിച്ചു.