ഫുട്‍ബോൾ ലോകകപ്പ് ഫൈനല്‍ ദിവസം മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്‍പ്പറേഷന്. ലുസൈലിൽ മെസ്സിയും എംബാപ്പെയും ഗോളടിച്ച് കാണികളെ ത്രസിപ്പിച്ചപ്പോൾ കേരളത്തിലെ ആരാധകർ കീശ നോക്കാതെ വെള്ളമടിച്ചാണ് അതിനെ വരവേറ്റത്. ഫൈനല്‍ ദിനമായ ഞായറാഴ്‌ച 50 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റു തീർത്തത്.

സാധാരണ ഞായറാഴ്‌ച ദിവസങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഇന്നലെ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്. നേരത്തെ ഇക്കഴിഞ്ഞ ഓണത്തിനാണ് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന നടന്നത്. 

ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു. ഇനി പുതുവർഷ ആഘോഷ ദിനം വരാനിരിക്കെ ഈ റെക്കോർഡിന് അധികം ആയുസുണ്ടാവില്ല.