ന്യൂഡൽഹി: രാജ്യത്തെ കോസുകൾ തീർപ്പാക്കുന്നതിൽ അതിവേഗ റെക്കോർഡ് നേടി സുപ്രീം കോടതി. രാജ്യത്തിന്‍റെ 50മത് ചീഫ് ജസ്റ്റിസായി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകളെന്ന് റിപ്പേർട്ട്. 

കഴിഞ്ഞ മാസം 9നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റത്. നവംബർ 9 മുതൽ 16 വരെയുള്ള കാലയളവിൽ 5898 കേസുകളാണ് ഫയൽ ചെയ്തത്. ഇതുവരെ 6844 കേസുകൾ തീർപ്പാക്കിയെന്ന് സുപ്രീം കോടതി ഭരണവിഭാഗം അറിയിച്ചു. ജഡ്ജിമാരുടെ നിയമനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സര്‍ക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സുപ്രീം കോടതി നേട്ടം കൈവരിച്ചത്. 

ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും ജാമ്യഹര്‍ജികളും തീര്‍പ്പാക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് സ്ഥാനമേറ്റതിനു പിന്നാലെ ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. കൂടാതെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കേസുകള്‍ പ്രാധാന്യത്തോടെ കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.