മിസൈൽ നശീകരണ കപ്പൽ ഐഎൻഎസ് മോർമുഗാവോ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഐഎൻഎസ് മോർമുഗാവോ കമ്മീഷൻ ചെയ്തത്.

ഇന്ത്യൻ നാവിക ശേഷിയിൽ ഐഎൻഎസ് മോർമുഗാവോ ശ്രദ്ധേയമായ വളർച്ച കൈവരിക്കുമെന്നും ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളിൽ ഒന്നാണിതെന്നും ചടങ്ങിൽ സംസാരിച്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘ഐഎൻഎസ് മോർമുഗാവോ ലോകത്തിലെ ഏറ്റവും സാങ്കേതികമായി നൂതനമായ മിസൈൽ വാഹകരിൽ ഒന്നാണ്,’ രാജ്‌നാഥ് സിംഗ് കൂട്ടിച്ചേർത്തു.

‘ഐഎൻഎസ് മോർമുഗാവോയിലെ സംവിധാനങ്ങൾക്ക് വർത്തമാനകാല ആവശ്യങ്ങൾ മാത്രമല്ല, ഭാവി ആവശ്യങ്ങളും നിറവേറ്റാൻ കഴിയും. നമ്മുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന ശേഷിയുടെ ഉദാഹരണം കൂടിയാണിത്. ഭാവിയിൽ ലോകത്തിന് വേണ്ടി കപ്പൽ നിർമ്മാണം നടത്തും,’ രാജ്‌നാഥ് സിംഗ് പറഞ്ഞു. പടിഞ്ഞാറൻ തീരത്തെ ചരിത്രപ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐഎൻഎസ് മോർമുഗാവോ അറിയപ്പെടുന്നത്.