ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ചേര്‍ന്ന് മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജസ്ഥാനില്‍ നടക്കുന്ന യാത്രയില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്.

രാജസ്ഥാനിലെ സവായ് മധോപൂരിലെ ഭഡോതിയില്‍ നിന്നാണ് രാവിലെ യാത്ര പുനരാരംഭിച്ചത്. രാജസ്ഥാനില്‍ ഭാരത് ജോഡോ യാത്രയുടെ പത്താം ദിവസമാണ് ഇന്ന്. ബമന്‍വാസ് വിധാന്‍ സഭാ സീറ്റിന്റെ പരിധിയില്‍ വരുന്ന ഭഡോതി ഗ്രാമത്തില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ഇന്ന് 25 കിലോമീറ്റര്‍ ദൂരമാണ് യാത്ര പിന്നിടുക. ആദ്യ ഇടവേളയ്ക്ക് ശേഷം ദൗസ ജില്ലയില്‍ പ്രവേശിക്കുന്ന യാത്ര ബാഗ്ഡി ഗ്രാമത്തില്‍ നിര്‍ത്തും. ഭാരത് ജോഡോ യാത്ര പ്രവേശിക്കുന്ന സംസ്ഥാനത്തെ അഞ്ചാമത്തെ ജില്ലയാണ് ദൗസ.