ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മില്‍ 3 ലെ എല്ലാ ടെര്‍മിനല്‍ എന്‍ട്രി ഗേറ്റുകളിലും ശരാശരി 0-5 മിനിറ്റ് കാത്തിരിപ്പ് സമയം കൊണ്ട് യാത്രക്കാര്‍ സുഗമമായി കടന്നു പോകുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. വേഗതയേറിയ സേവനത്തിനായി എല്ലാ യാത്രക്കാരും ഡിജിയാത്ര ആപ്പ് ഉപയോഗിക്കണമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അഭ്യര്‍ത്ഥിച്ചു. 

കോവിഡ് ഭീതി ഒഴിഞ്ഞതോടെ ആഭ്യന്തര, അന്തര്‍ദേശീയ വിമാന യാത്രകള്‍ രാജ്യത്ത് വര്‍ദ്ധിക്കുകയാണ്. എയര്‍പോര്‍ട്ടുകളിലും എയര്‍ലൈനുകളിലും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ യാത്രക്കാരുടെ പരാതിയും ഇതോടൊപ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തിരക്ക്, വാഗ്വാദങ്ങള്‍, യാത്രക്കാരുടെ നീണ്ട ക്യൂ എന്നിവയെക്കുറിച്ചുള്ള പരാതികള്‍ രാജ്യത്തെ പ്രധാന വിമാനത്താവളമായ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്നു തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. 

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ഐജിഐഎ) തിരക്കേറുന്നുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങളില്‍ അപര്യാപ്ത ഉണ്ടെന്നും യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പരാതിപ്പെട്ടിരുന്നു. വിമാനത്താവളത്തിലെ നീണ്ട ക്യൂവിനെക്കുറിച്ച് നിരവധി യാത്രക്കാരാണ് സോഷ്യല്‍ മീഡിയ വഴി പരാതികള്‍ ഉന്നയിച്ചത്. ദിനംപ്രതി പരാതികള്‍ ഉയരുന്നതിനിടെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തിങ്കളാഴ്ച രാവിലെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (ഐജിഐഎ) ടെര്‍മിനല്‍ 3ല്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. 

ഡല്‍ഹി വിമാനത്താവളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സിന്ധ്യ എയര്‍പോര്‍ട്ട് ജീവനക്കാരോടും യാത്രക്കാരോടും സംസാരിച്ചു. ടെര്‍മിനല്‍ 3യില്‍ രാവിലെ യാത്രയ്‌ക്കെത്തുന്ന പലര്‍ക്കും വിമാനം മിസ് ആകുന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. സെക്യൂരിറ്റി ചെക്കിങ്ങിനായി ഏറെ സമയം കാത്തിരിക്കേണ്ടി വരുന്നു, രണ്ടും മൂന്നും വിമാനങ്ങളിലെ ബാഗേജുകള്‍ ഒരേസമയം ഒരു കണ്‍വേയര്‍ ബെല്‍റ്റിലൂടെ വരുന്നു തുടങ്ങിയ പരാതികള്‍ പതിവായി ഉയരുകയാണ്. മുഴുവന്‍ രാജ്യാന്തര സര്‍വീസുകളും ഏതാനും ആഭ്യന്തര സര്‍വീസുകളും പുറപ്പെടുന്ന ടെര്‍മിനല്‍ 3ലെ സ്ഥിതി ഏറെ പരിതാപകരമാണെന്നാണു യാത്രക്കാര്‍ നല്‍കുന്ന വിവരം.

ഐജിഐ ടെര്‍മിനല്‍ 3ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ അടിയന്തരമായി നടപ്പാക്കണമെന്നാണു കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. സെക്യൂരിറ്റി ചെക്കിങ്ങിനു വേണ്ടി കൂടുതല്‍ ഗേറ്റുകള്‍ തുറക്കാനും ഏറെ തിരക്കുള്ള സമയത്തെ വിമാന സര്‍വീസുകള്‍ കുറയ്ക്കാനുമെല്ലാം നിര്‍ദേശിച്ചിട്ടുണ്ട്. തിരക്കു കുറയ്ക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്നും  നിര്‍ദേശിച്ചിട്ടുണ്ട്. ‘വാഹനത്തിരക്ക് ഒഴിവാക്കാന്‍ 4 ട്രാഫിക് മാര്‍ഷലുമാരെ അധികമായി നിയോഗിച്ചിട്ടുണ്ട്. എന്‍ട്രി ഗേറ്റുകളില്‍  സഹായത്തിനു വേണ്ടി 8 പേരെയും നിയോഗിച്ചിട്ടുണ്ട്’ വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.