സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ നിര്‍ബന്ധിത പരീക്ഷയ്ക്ക് ഹാജരാകാതെ ഡിപ്പാര്‍ട്ട്മെന്റില്‍ ചേര്‍ന്നുവെന്നാരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഒമ്പത് ആദായനികുതി ഉദ്യോഗസ്ഥരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തു. കുറ്റാരോപിതരായ ഒമ്പത് ഉദ്യോഗസ്ഥരെ തിങ്കളാഴ്ചയാണ് സിബിഐയുടെ അഴിമതി വിരുദ്ധ ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയ്ക്ക് ഹാജരാകാതെ ചില ജീവനക്കാരും ഉദ്യോഗസ്ഥരും ഐടി വകുപ്പില്‍ ചേര്‍ന്നുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ 2018ല്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയും കേന്ദ്ര ഏജന്‍സി ഈ ഉദ്യോഗസ്ഥരെ തിരിച്ചറിയുകയും അവരെ പിടികൂടുകയും ചെയ്യുകയായിരുന്നു. 

റിങ്കി യാദവ്, അനില്‍ കുമാര്‍, രാഹുല്‍ കുമാര്‍, അഭയ് കുമാര്‍, മുകേഷ് കുമാര്‍, ചന്ദന്‍ കുമാര്‍, മനോജ് കുമാര്‍, പ്രദീപ് കുമാര്‍, മനീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.