ഹൈദരാബാദ്: ഹൈദരാബാദിൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി ജോത്സ്യന്റെ വേഷം കെട്ടിയ യുവാവ് 47.11 ലക്ഷം രൂപ കബളിപ്പിച്ചതിന് ഹൈദരാബാദിൽ അറസ്‌റ്റിലായി. പഞ്ചാബ് സ്വദേശിയായ ലളിത് എന്നയാളാണ് പ്രതി. 2022 നവംബർ 19നാണ് ഇരയായ പെൺകുട്ടി ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. മൂന്ന് മാസം മുമ്പ്, ഇൻസ്‌റ്റഗ്രാമിൽ ഒരു ജ്യോതിഷിയെ തിരയുന്നതിനിടയിൽ, “ആസ്ട്രോ-ഗോപാൽ” എന്ന ഇൻസ്‌റ്റഗ്രാം ഹാൻഡിലിൽ ഗോപാൽ ശാസ്ത്രി എന്ന ജ്യോതിഷിയുടെ പ്രൊഫൈൽ കണ്ടു.

സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാളുടെ ഫോൺ നമ്പറും ഉണ്ടായിരുന്നു. തുടർന്ന് പെൺകുട്ടി ഇയാളെ ഫോൺ വഴി ബന്ധപ്പെടുകയും അവരുടെ പ്രണയവുമായി ബന്ധപ്പെട്ട ഭാവി കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. അതിനായി ഇയാൾ പെൺകുട്ടിയിൽ നിന്ന് ആദ്യം 32,000 രൂപ ഈടാക്കി. കൂടാതെ ജ്യോതിഷത്തിലൂടെ അവളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രാർത്ഥന നടത്താനെന്ന വ്യാജേന ഇയാൾ 47.11 ലക്ഷം രൂപയും തട്ടിയെടുത്തു.

തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയും പഞ്ചാബിലെ മൊഹാലി സ്വദേശി ലളിത് എന്ന പ്രതിയെ ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. ഐടി ആക്‌ടിലെ സെക്ഷൻ 66 സി & ഡി, ഇന്ത്യൻ പീനൽ കോഡിന്റെ 419, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയിൽ നിന്ന് രണ്ട് ഉയർന്ന വിലയുള്ള മൊബൈൽ ഫോണുകൾ, രണ്ട് ഡെബിറ്റ് കാർഡുകൾ, ഒരു ചെക്ക്ബുക്ക് എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.