മഥുര ശ്രീകൃഷ്ണ ജന്മഭൂമിക്ക് സമീപം നിർമിച്ച ഷാഹി ജുമാമസ്ജിദിന് സമീപം സുരക്ഷ കൂട്ടി ഉത്തർപ്രദേശ് പോലീസ്. മസ്ജിദിൽ ഹനുമാൻ ചാലിസ ചൊല്ലമെന്ന ഹിന്ദു മഹാസഭയുടെ ആഹ്വാനത്തെ തുടർന്നാണിത്. ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് വാഹന പരിശോധന നടത്തുകയാണ്. ക്ഷേത്രനഗരത്തിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിനും ഷാഹി മസ്ജിദ് ഈദ്ഗയ്ക്കും സമീപം പോലീസ് സുരക്ഷ കൂട്ടി. 

1,500 ഓളം പോലീസുകാരെയും സായുധ കോൺസ്റ്റബുലറി, അർദ്ധസൈനിക സേനാംഗങ്ങളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മസ്ജിദിനുള്ളിൽ ഹനുമാൻ ചാലിസ ചൊല്ലാനുള്ള ആഹ്വാനവുമായി മുന്നോട്ട് പോകുമെന്ന് അഖില ഭാരത ഹിന്ദു മഹാസഭ ദേശീയ ട്രഷറർ ദിനേഷ് കൗശിക് പറഞ്ഞിരുന്നു. 

‘സുപ്രീം കോടതിയുടെ ഉത്തരവുകൾ പാലിക്കുകയും സിആർപിസി യുടെ 144-ാം വകുപ്പ് പ്രകാരമുള്ള നിരോധന ഉത്തരവുകൾ അക്ഷരത്തിലും ആത്മാവിലും നടപ്പിലാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും. നിയമം കൈയിലെടുക്കാനും ഈ തീർത്ഥാടന നഗരത്തിന്റെ സമാധാനം കെടുത്താനും ആരെയും അനുവദിക്കില്ല’  ജില്ലാ പോലീസ് മേധാവി ശൈലേഷ് പാണ്ഡെ പറഞ്ഞു. 

കഴിഞ്ഞ വർഷവും ഹിന്ദു മഹാസഭ സമാനമായ രീതിയിൽ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ അവരുടെ പദ്ധതി ജില്ലാ ഭരണകൂടം അട്ടിമറിക്കുകയായിരുന്നു.