തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് കഴിഞ്ഞ ദിവസം മരിച്ച രോഗിയുടെ ഭർത്താവിൻ്റെ മർദ്ദനമേറ്റ വനിതാ ഡോക്ടർ ജോലി ഉപേക്ഷിച്ച് രാജ്യം വിടാൻ ഒരുങ്ങുന്നു. ഐഎംഎ സംസ്ഥാന പ്രസിഡൻ്റ് ഡോ. സുൽഫി നൂഹുവാണ് ഇതുസംബന്ധിച്ചുള്ള വിവരം പങ്കുവച്ചത്. തനിക്ക് ഈ പണി വേണ്ടെന്നും ന്യൂറോ സർജനാകേണ്ടെന്നും ഡോക്ടർ പറഞ്ഞതായാണ് സുൽഫി വ്യക്തമാക്കിയിരിക്കുന്നത്. വനിതാ ഡോക്ടർ രാജ്യം വിടാനുള്ള ഒരുക്കത്തിലാണെന്നും സുൽഫി വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടർ, തന്നെ സന്ദർശിക്കാനെത്തിയ ഡോ. സുൽഫി നൂഹു ഉൾപ്പെടെയുള്ളവരോട് കഴിഞ്ഞ ദിവസമാണ് ഇക്കാര്യം പറഞ്ഞത്. ഡോ. സുൽഫി ഇത് ഫേസ് ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. 

പ്രതി ഇപ്പോഴും സുരക്ഷിതനാണ്, എന്നാൽ സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം കഴിഞ്ഞശേഷം കുട്ടികൾ മതിയെന്ന് തീരുമാനിച്ച് ജോലിയോട് ആത്മാർത്ഥത കാട്ടിയ ഡോക്ടർ ഐസിയുവിൽ കരയാൻ പോലും കഴിയാതെ മനസ് തകർന്നിരിക്കുകയാണെന്ന് സുൾഫി പറയുന്നു. ശാരീരികമായി മാത്രമല്ല മാനസികമായും തകർന്ന നിലയിലാണ് വനിതാ ഡോക്ടറെന്നും സുൾഫി വ്യക്തമാക്കുന്നു. പ്രഭാത സവാരിയിൽ മാത്രമല്ല തൊഴിലിടങ്ങളിലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും അടിവയർ നോക്കി ചവിട്ടിയാൽ നോക്കി നിൽക്കാൻ ഇത് വെള്ളരിക്കാ പട്ടണമല്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുൾഫി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തിയത്. രോഗി മരിച്ച വിവരം അറിയിച്ച ഡോക്‌ടറെയാണ് ഭർത്താവ് കൊല്ലം സ്വദേശി സെന്തിൽകുമാർ ആക്രമിച്ചത്. ഇയാളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. ന്യൂറോ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് രോഗി മരിച്ചത്. ഐസിയുവിൽ നിന്നും പുറത്ത് വന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചതോടെ അദ്ദേഹം നിയന്ത്രണം വിട്ടു പെരുമാറുകയായിരുന്നു. സുരക്ഷാ ജീവനക്കാരെത്തിയാണ് ഡോക്ടർക്ക് സംരക്ഷണം ഒരുക്കിയത്. പരുക്കേറ്റ ഡോക്ടർ ഇന്നും മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്‌ടറെ ആക്രമിച്ച സംഭവത്തിൽ ശക്തമായ സമരവുമായി ഡോക്‌ടർമാർ രംഗത്തിറങ്ങി. രാവിലെ എട്ട് മണിയ്‌ക്ക് ആരംഭിച്ച സമരം രാത്രി എട്ട് മണിവരെയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രിയിലെ പിജി ഡോക്‌ടർമാരാണ് സമരം ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്‌ച ന്യൂറോ സർജറി വിഭാഗത്തിലെ വനിതാ ഡോക്‌ടറെ രോഗിയുടെ ഭർത്താവ് തള‌ളിയിട്ട് വയറ്റിൽ ചവിട്ടിയ സംഭവത്തിൽ നടപടി ശക്തമല്ലാത്തതിൽ പ്രതിഷേധിച്ചാണ് സമരം. സമരത്തിൻ്റെ ഭാഗമായി ഒപിയും കിടത്തിചികിത്സയും നടത്തുന്നയിടത്തെ ഡ്യൂട്ടി ഡോക്‌ടർമാർ ബഹിഷ്‌കരിക്കുന്നതിനാൽ ഇവിടങ്ങളിലെ രോഗികളെ ബാധിക്കും. എന്നാൽ അത്യാഹിതവിഭാഗം. ഐസിയു, ലേബർ റൂം എന്നിവിടങ്ങളിൽ സമരം ബാധകമാവില്ലെന്നും സംഘടനകൾ അറിയിച്ചു.