കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ സംസ്ഥാനത്ത് ലീഗിൻ്റെ നിലനിൽപ്പിൻ്റെ കാര്യത്തിൽ ആശങ്കകൾ ഉടലെടുക്കുകയാണ്. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ വിലക്കണമെന്ന കേസിൽ ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് മുസ്ലീം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ ഉത്തരവ് ഇറക്കിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ മറുപടി നല്‍കാന്‍ കോടതി മൂന്നാഴ്ച സമയം നല്‍കിയിട്ടുണ്ട്. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വിയാണ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. 

ശിവസേന, ശിരോമണി അകാലിദള്‍ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ മതം ഉണ്ടെങ്കിലും അവരെ ഹര്‍ജിക്കാരന്‍ ബോധപൂര്‍വ്വം ഹര്‍ജിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശിവസേനയിലെ ശിവന്‍ ദൈവം അല്ലെന്നും ശിവാജിയെ ആണ് ഉദ്ദേശിക്കുന്നതെന്നും ഹര്‍ജിക്കാരൻ്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടഷുകയായിരുന്നു. അതേസമയം വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ലീഗിന്റെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ ചുണ്ടിക്കാണിച്ചിരിക്കുകയാണ്. നേരത്തെ ലീഗ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഹര്‍ജിയില്‍  കക്ഷിയാക്കിയിരുന്നില്ല. കഴിഞ്ഞതവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ലീഗിനെ ഉള്‍പ്പടെ കക്ഷിചേര്‍ക്കണെമെന്ന് കോടതി നിര്‍ദേശിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കങ്ങൾ. 

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷിയായ മുസ്ലീം ലീഗിന് അതിൻ്റെ പേരിൽ മാറ്റം വരുത്തേണ്ടി വന്നേക്കുമെന്നുള്ള അകലെക്കൂട്ടിയുള്ള സൂചനകളാണ് നിലവിൽ പുറത്തു വരുന്നത്. മൻപ് ഇതേ ഹർജി പരിഗണിച്ചപ്പോൾ  മുസ്ലീം ലീഗിൻ്റെ പേര് സംബന്ധമായി സുപ്രീംകോടതിയിൽ നിന്നുയർന്ന ചില പരാമർശങ്ങൾ അത്തരത്തിലൊരു ചിന്തയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. രാഷ്ട്രീയ പാർട്ടികൾ മതപരമായ ചിഹ്നങ്ങളും പേരുകളും ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ സുപ്രീം കോടതി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ കോടതിയുടെ തീരുമാനം ഹർജിക്കാരന് അനുകൂലമാകുകയാണെങ്കിൽ മുസ്ലീം ലീഗ് എന്ന ബ്രാൻഡ് നാമം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നുതന്നെ ഇല്ലാതാകുമെന്നുറപ്പാണെന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. ഉത്തർപ്രദേശ് ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ് ചെയർമാൻ കൂടിയാണ് ഹർജി നൽകിയ  സയ്യിദ് വസീം റിസ്‌വി. 

മുംബൈയിലും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും തൻ്റെ സന്ദർശന വേളയിൽ നിരവധി മതപരമായ കെട്ടിടങ്ങളിൽ അതുമായി ബന്ധപ്പെട്ട പതാകകൾ കണ്ടതായി ഹർജിക്കാരൻ നേരത്തെ കോടതിയിൽ ആരോപിച്ചിരുന്നു. പലയിടങ്ങളിലും ഈ പതാകകൾ ഹിന്ദു, മുസ്ലീം സമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിന് കാരണമായെന്നുള്ള ഗുരുതരമായ ആരോപണങ്ങളും റിസ്‌വി ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം പതാകകൾ ചില രാഷ്ട്രീയ പാർട്ടികൾ അവരുടെ പതാകയായി ഉപയോഗിക്കുന്നതിനെയാണ് റിസ്വി ഹർജിയിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്. ഫലത്തിൽ മതപരമായ പേരുകളും പതാകകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനെത്തന്നെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്. 

പേരും ചിഹ്നങ്ങളും 1951 ലെ ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്ന രാഷ്ട്രീയ പാർട്ടികളുണ്ടെന്ന് പ്രസ്തുത ഹർജിയുടെ വാദം കേൾക്കുന്നതിനിടെ ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ, ജസ്റ്റിസുമാരായ എം ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനോട് വ്യക്തമാക്കിയിരുന്നു. . ചന്ദ്രക്കലയും നക്ഷത്രങ്ങളും പ്രത്യേക നിറവുമൊക്കെ മതചിഹ്നങ്ങളായി കണക്കാക്കുന്ന രാജ്യത്ത് ഇത്തരം പതാകയും മതപരമായ പേരുമുള്ള ഒരു പാർട്ടിയുടെ സ്ഥാനാർത്ഥി വോട്ട് തേടുകയാണെങ്കിൽ, അവർ നിയമവും മതേതരവും ലംഘിക്കുകയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഹർജിക്കാരൻ്റെ അഭിഭാഷകൻ ഉയർത്തിയത്. 

അതേസമയം മതവിശ്വാസത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ട് ചോദിക്കുമ്പോൾ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് എങ്ങനെ ബാധകമാകുമെന്ന ചോദ്യം നേരത്തെ നടന്ന വാദത്തിൽ ഭാട്ടിയയോട് ജസ്റ്റിസ് എം ആർ ഷാ ചോദിച്ചിരുന്നു. ഇതിനുത്തരമായി അഭിരാം സിംഗ് കേസിലെ സുപ്രീം കോടതിയുടെ വിധിയാണ് ഭാട്ടിയ പരാമർശിച്ചത്. രാജ്യത്ത് പ്രവർത്തിക്കുന്ന രണ്ട് അംഗീകൃത സംസ്ഥാന പാർട്ടികൾക്ക് അവരുടെ പേരിൽ മുസ്ലീമുണ്ടെന്ന് താൻ ചൂണ്ടിക്കാണിക്കുന്നതായും ഭാട്ടിയ വ്യക്തമാക്കി ഇതുമാത്രമല്ലെന്നും മതപരമായ പേരുകളുള്ള പല പാർട്ടികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ രീതി നമ്മുടെ രാജ്യത്തിൻ്റെ മതേതരത്വത്തിന് എതിരാണെന്നും അദ്ദേഹം വാദിച്ചു. 

വാദം കേട്ട ജസ്റ്റീസ് ഷാ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗോ ഹിന്ദു ഏകതാദളോ പോലുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ ഏതെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും അഭിഭാഷകനോടു ചോദിച്ചു. ഐയുഎംഎല്ലിന് കേരളത്തിൽ എംപിമാരും എംഎൽഎമാരും ഉണ്ടെന്നും ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും ഭാട്ടിയ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതേതുടർന്നാണ് കോടതി പ്രസ്തുത ഹർജി ഗൗരവമായി എടുത്തത്. ഇതിനെത്തുടർന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നൽകിയ ബെഞ്ച്, മതപരമായ പേരുകളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്ന എല്ലാ കക്ഷികളെയും ഉൾപ്പെടുത്താൻ ഹർജിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വാദപ്രതിവാദങ്ങൾക്കൊടുവിൽ മതപരമായ പേരോ കൊടിയോ രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കേണ്ടെന്ന് കോടതി ഉത്തരവ് പുറത്തു വന്നാൽ മലബാർ മേഖലയിൽ സജീവമായി നിൽക്കുന്ന മുസ്ലീം ലീഗിന് വലിയ തീരച്ചടിയണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ലീഗ് എന്നു മാത്രമോ അതല്ലെങ്കിൽ സെക്യൂലർ ലീഗെന്നോ പേരുമാറ്റേണ്ട സാഹചര്യമായിരിക്കും അവിടെയുണ്ടാകുക. മതപരമായ വോട്ടുകൾ മാത്രമല്ല മുസ്ലീം ലീഗ് ലക്ഷ്യമിടുന്നതെങ്കിൽ പിന്നെന്തിനാണ് മുസ്ലീം എന്ന മതനാമം ലീഗിനു മുന്നിൽ സ്വീകരിച്ചതെന്ന് നേതാക്കൾക്ക് കോടതിക്കു മുന്നിൽ വിശദീകരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.