ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി.  ബ്രിട്ടീഷുകാരനായ ആന്റി ഹാക്കറ്റാണ് അപൂർവ്വ മത്സ്യത്തെ പിടികൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച കരിമീൻ മത്സ്യബന്ധന മേഖലകളിൽ ഒന്നായ ഫ്രാൻസിലെ ഷാംപെയ്‌നിലെ ബ്ലൂവാട്ടർ തടാകത്തിൽ നടത്തിയ മത്സ്യ ബന്ധനത്തിനിടെയാണ് മത്സ്യം വലയിൽ കുടുങ്ങുന്നത്. കാരറ്റ് എന്ന് വിളിക്കുന്ന ഭീമാകാരനായ സ്വർണ്ണ മത്സ്യത്തിന് 30.5 കിലോ ഗ്രാം ഭാരമുണ്ട്. 

20 വർഷം മുമ്പ് കായലിൽ തുറന്നുവിട്ടിരുന്ന ഈ മത്സ്യത്തെ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നതാണ് പ്രത്യേകത. ഈ മത്സ്യം ഇപ്പോഴും നല്ല ആരോഗ്യത്തോടെയിരിക്കുന്നതായി ഫിഷറീസ് മാനേജർ ജേസൺ കൗളർ പറഞ്ഞു. ആന്റി ഹാക്കറ്റ് ഈ മത്സ്യത്തെ പിടിക്കാൻ ഏകദേശം 25 മിനിറ്റ് ചെലവഴിച്ചു. പിടികൂടിയ ശേഷം മത്സ്യത്തെ വെള്ളത്തിലേക്ക് തുറന്നു വിടുകയും ചെയ്തു. 

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഈ മത്സ്യം വളരെ ആകർഷകമാണ്. ഡെയ്ലി മെയിൽ പറയുന്നതനുസരിച്ച്, 20 വർഷം മുമ്പ് ജേസൺ കൗളർ വെള്ളത്തിലേക്ക് ‘കാരറ്റിനെ’ തുറന്നുവിട്ടു. അന്ന് ജെയ്സൺ ചെറുപ്പമായിരുന്നു.  ഈ മത്സ്യത്തെ പിടിച്ചതിന് ഹാക്കറ്റിനെ അഭിനന്ദിക്കുകയും ചെയ്തു.

2019 ൽ യു എസിലെ മിനസോട്ടയിൽ ജേസൺ ഫുഗേറ്റ് പിടികൂടിയ 13.6 കിലോഗ്രാം ഭാരമുള്ള മത്സ്യമായിരുന്നു ലോകത്തിലെ ഏറ്റവും വലിയ സ്വർണമത്സ്യമായി കണക്കാക്കിയിരുന്നത്. മത്സ്യബന്ധന പ്രേമിയായ ആന്റി ഹാക്കറ്റ് യുകെയിലെ വോർസെസ്റ്റർഷെയർ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ ഡയറക്ടർ കൂടിയാണ്. ഫ്രാൻസിലെ ബ്ലൂവാട്ടർ തടാകങ്ങളിൽ ഈ മത്സ്യം ഉണ്ടെന്ന് തനിക്ക് അറിയാമായിരുന്നുവെന്ന് ഹാക്കറ്റ് പറഞ്ഞു.

അതേസമയം ഭീമാകാരനായ മത്സ്യത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം, ഹാക്കറ്റ് അതിനെ തടാകത്തിലേക്ക് തന്നെ തിരിച്ച് സുരക്ഷിതമായി വിട്ടയക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രങ്ങളെല്ലാം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.