ബോസ്റ്റണ്‍: യുഎസിലെ മസാച്യുസെറ്റ്സില്‍ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറിലേക്ക് എസ് യു വി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ന്യൂജേഴ്സി സ്വദേശി കെവിന്‍ ബ്രാഡ്ലി (65) ആണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്.16 പേര്‍ക്ക് പരിക്കേറ്റു. സ്ഥാപനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് ജനാല വാഹനം തകര്‍ത്തു. തിങ്കളാഴ്ച സ്‌റ്റോര്‍ തുറന്ന് ഒരു മണിക്കൂറിനുള്ളിലായിരുന്നു അപകടം.    

ഒരു കറുത്ത എസ്‌യുവിയാണ് അമിതവേഗത്തിലെത്തി ഹിംഗ്ഹാമിലെ സ്റ്റോറിലേക്ക് ഇടിച്ചുകയറിയതെന്ന് പ്ലിമൗത്ത് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തിമോത്തി ക്രൂസ് ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പേരോ, പരിക്കേറ്റിട്ടുണ്ടോയെന്നോ, അപകടത്തിന്റെ കാരണത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

2019 ടൊയോട്ട 4 റണ്ണര്‍ വാഹനമാണ് അപകടമുണ്ടാക്കിയത്. പിന്നാലെ അവശിഷ്ടങ്ങളില്‍ നിന്ന് ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നുവെന്ന് ബോസ്റ്റണിലെ WCVB-TV റിപ്പോര്‍ട്ട് ചെയ്തു. ബോസ്റ്റണ്‍ നഗരത്തിന് തെക്ക് 24 കിലോമീറ്റര്‍ അകലെയുള്ള ഒരു ഔട്ട്ഡോര്‍ മാളിലാണ് സ്റ്റോര്‍. സംഭവത്തില്‍ ആപ്പിള്‍ കമ്പനി ഞെട്ടല്‍ രേഖപ്പെടുത്തി.