ന്യൂസിലന്‍ഡ് വോട്ടിംഗ് പ്രായം 18 ല്‍ നിന്ന് 16 ആക്കി കുറയ്ക്കുന്ന കാര്യം പരിഗണിക്കുന്നു. ഇതിനായി പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ വ്യക്തമാക്കി. നിലവിലുള്ള വോട്ടിങ് പ്രായമായ 18 വയസ്സ് ‘വിവേചനപരവും’ യുവാക്കളുടെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നുമുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയെ തുടര്‍ന്നാണ് പുതിയ നീക്കം. ദി ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍ ഈ മാറ്റത്തെ വ്യക്തിപരമായി പിന്തുണയ്ക്കുമ്പോള്‍ വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനുള്ള ബില്ലിന് പാര്‍ലമെന്റിലെ മൊത്തം എംപിമാരില്‍ 75 ശതമാനമെങ്കിലും പിന്തുണക്കേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ ഇത്തരമൊരു ബില്‍ പാസാക്കാനുള്ള പിന്തുണ സര്‍ക്കാരിനില്ല.

‘വോട്ടിംഗ് പ്രായം കുറയ്ക്കുന്നതിനെ ഞാന്‍ വ്യക്തിപരമായി പിന്തുണയ്ക്കുന്നു, പക്ഷേ ഇത് എനിക്കോ സര്‍ക്കാരിനോ ഒരു വിഷയമല്ല. തിരഞ്ഞെടുപ്പ് നിയമത്തിലെ ഏത് മാറ്റത്തിനും 75 ശതമാനം പാര്‍ലമെന്റേറിയന്‍ പിന്തുണ ആവശ്യമാണ്,’ ജസീന്ദ ആര്‍ഡേണ്‍ തിങ്കളാഴ്ച പറഞ്ഞു. 

കാലാവസ്ഥാ പ്രതിസന്ധി പോലുള്ള വിഷയങ്ങള്‍ ചെറുപ്പക്കാരെയും ഭാവിയില്‍ ബാധിക്കുമെന്നതിനാല്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ കഴിയണമെന്ന് ന്യൂസിലാന്‍ഡ് കോടതി പറഞ്ഞിരുന്നു. ബ്രസീല്‍, ഓസ്ട്രിയ, ക്യൂബ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമാണ് 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കുന്നത്.