ദോഹ: ലോകകപ്പ് ആരാധകര്‍ക്ക് കടലിന്റെ ഓളപ്പരപ്പില്‍ അത്യാഢംബര താമസമൊരുക്കുന്നതിനായി പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഒരുക്കിയ രണ്ടാമത്തെ ക്രൂയിസ് കപ്പലും ദോഹ തുറമുഖത്തെത്തി.

22 ഡെക്കുകളുള്ള എംഎസ്സി വേള്‍ഡ് യൂറോപ്പ എന്ന ആദ്യത്തെ ക്രൂയിസ് കപ്പല്‍ അനാച്ഛാദനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കപ്പലായ എംഎസ്സി പോസിയ എത്തിയത്.കളിയാരാധകര്‍ക്ക് താമസ സൗകര്യം അടങ്ങിയ ഫ്‌ളോട്ടിംഗ് ഹോട്ടലായ എംഎസ്സി പോസിയയ്ക്ക് 293.8 മീറ്റര്‍ നീളവും 32.2 മീറ്റര്‍ ഉയരവുമുണ്ട്. വൈവിധ്യമാര്‍ന്ന താമസ സൗകര്യങ്ങളും ഡൈനിംഗ്, എന്റര്‍ടെയ്ന്‍മെന്റ് വേദികളുടെ ആഢംബരപൂര്‍ണമായ ലോകവും ഇത് പ്രദാനം ചെയ്യുന്നതായി മവാനി ഖത്തര്‍ ഇന്നലെ ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ക്രിയേറ്റീവ് ഡിസൈനുകള്‍ക്കൊപ്പം പരമ്പരാഗത കരകൗശലവിദ്യ കൂടി സമന്വയിപ്പിച്ച് രൂപകല്‍പ്പന ചെയ്ത നൂതനമായ ഒരു ക്രൂയിസ് കപ്പലാണ് എംഎസ്സി പോസിയ.

ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ട്, ടെന്നീസ് കോര്‍ട്ട്, ഷഫിള്‍ ബോര്‍ഡ്, അത്യാധുനിക ജിം, മിനി ഗോള്‍ഫ് എന്നിവയുള്‍പ്പെടെ നിരവധി സ്പോര്‍ട്സ്, ഫിറ്റ്നസ് സൗകര്യങ്ങള്‍ കപ്പലില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പ്രത്യേകമായി ക്ലബ്ബുകളും പാര്‍ട്ടികളും ദിനോസര്‍ പ്ലേ ഏരിയയും വീഡിയോ ഗെയിമുകളും ഉള്‍പ്പെടെ മികച്ച സംവിധാനങ്ങളാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.

മൂന്ന് നീന്തല്‍ക്കുളങ്ങള്‍, നാല് വേള്‍പൂളുകള്‍, ഒരു കൂറ്റന്‍ സിനിമാ സ്‌ക്രീന്‍ എന്നിവയുള്‍പ്പെടെ ആരും കൊതിക്കുന്ന റിസോര്‍ട്ട് സൗകര്യങ്ങളാണ് കപ്പലില്‍ ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള അതിഥികളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. എന്നാല്‍ ഇറ്റാലിയന്‍ സ്ലോ ഫുഡ് മൂവ്മെന്റിന്റെ രീതികളുടെയം മെഡിറ്ററേനിയന്‍ രീതികളുടെയും ഒരു സമ്മേളനം രുചിവൈവിധ്യങ്ങളില്‍ കാണാനാവും. ലോകകപ്പ് ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന നിരവധി താമസ സൗകര്യങ്ങളില്‍ ഒന്നാണ് ഫ്‌ളോട്ടിംഗ് ഹോട്ടലുകള്‍. അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍, ഫാന്‍ വില്ലേജുകള്‍, ഹോട്ടലുകള്‍, മരുഭൂമിയിലെ ടെന്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി താമസ സംവിധാനങ്ങള്‍ ഖത്തര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ആദ്യ ക്രൂയിസ് കപ്പലായ എംഎസ്സി വേള്‍ഡ് യൂറോപ്പ വ്യാഴാഴ്ചയാണ് ദോഹ തുറമുഖത്തെ ക്രൂയിസ് ടെര്‍മിനലില്‍ നങ്കൂരമിട്ടത്. എംഎസ് സി ക്രൂയിസ് കപ്പല്‍ വിഭാഗത്തിലെ ഏറ്റവും നൂതനവും പാരിസ്ഥിതി സൗഹൃദവുമായ കപ്പലാണിത്. എംഎസ്സി ക്രൂയിസിന്റെ കപ്പലിലെ ആദ്യത്തെ എല്‍എന്‍ജി കപ്പലാണ് എംഎസ്സി വേള്‍ഡ് യൂറോപ്പ. ക്രൂയിസ് ടൂറിസത്തിന്റെ ലോകോത്തര കേന്ദ്രമെന്ന നിലയില്‍ ഖത്തര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ സുപ്രധാനമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബാക്കിര്‍ പറഞ്ഞു.