ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ പട്ടികയിൽ ശശി തരൂർ എം.പി ഇല്ലാത്തതിനെ ചൊല്ലി വിവാദം. കോൺഗ്രസ് അധ്യക്ഷ പദവിയിലേക്കുള്ള മത്സരത്തിൽ ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാർഥിക്കെതിരെ മത്സ‌രിച്ച തരൂരിനെ നേതൃത്വം മനഃപൂർവം അവഗണിക്കുകയാണെന്നാണ് ആരോപണം. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നതാണെന്നും വാർത്ത പ്രചരിച്ചു. കോൺഗ്രസ് വിദ്യാർഥി സംഘടന ഗുജറാത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിക്കായി തരൂരിനെ സമീപിച്ചെങ്കിലും അദ്ദേഹം നിരസിച്ചതായാണ് വാർത്തകൾ.

തരൂരിനെ ഒഴിവാക്കിയെന്ന പ്രചാരണം ശക്തമാകുകയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽനിന്ന് തന്നെ വിമർശനം ഉയരുകയും ചെയ്തതോടെ പ്രതികരണവുമായി ദേശീയ നേതൃത്വം രംഗത്തെത്തി. താരപ്രചാരകരുടെ പട്ടികയിൽ മുമ്പും ശശി തരൂർ ഇടം പിടിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ ഒഴിവാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുൾപ്പെടെ 40 പേരാണ് താരപ്രചാരകരുടെ പട്ടികയിലുള്ളത്.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, സച്ചിൻ പൈലറ്റ്, ജിഗ്നേഷ് മേവാനി, കനയ്യ കുമാർ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, ദ്വിഗ്‌വിജയ് സിങ് എം.പി, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖർ. 

ഡിസംബർ ഒന്നിനും അ‍ഞ്ചിനുമായി രണ്ടു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. എട്ടിന് വോട്ടെണ്ണും. 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലുമാണ് വോട്ടെടുപ്പ്. 27 വർഷമായി തുടരുന്ന ഭരണം നിലനിർത്താനാണ് ബി.ജെ.പി ശ്രമമെങ്കിൽ അധികാരം പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും ആംആദ്മി പാർട്ടിയും.