തിരുവനന്തപുരം: സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം കടുപ്പിച്ച് എല്‍ഡിഎഫ്. ഗവര്‍ണര്‍ക്കെതിരെ വീടുകളില്‍ ലഘുലേഖ പ്രചാരണത്തിനാണ് എല്‍ഡിഎഫ് തുടക്കം കുറിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനയെ കുറിച്ച് അടിസ്ഥാന ധാരണ പോലും ഇല്ലെന്നാണ് ലഘുലേഖയിലൂടെ എല്‍ഡിഎഫ് വിമര്‍ശിക്കുന്നത്. സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കാണമെന്ന് നിര്‍ദ്ദേശിച്ചത് ഇതിന്റെ ഭാഗമായാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

വീടുകള്‍ തോറും ലഘുലേഖ വിതരണം ചെയ്യുന്നുണ്ട്. ചാന്‍സിലറുടെ നീക്കങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്നും ആര്‍എസ്എസിന്റെ ചട്ടുകമായ ഗവര്‍ണറുടെ നടപടികളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും ലഘുലേഖയില്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. 

വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലേതു പോലെ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ സര്‍വകലാശാലയുടെ തലപ്പത്തു നിയമിക്കുന്ന സംഘപരിവാര്‍ അജന്‍ഡ കേരളത്തില്‍ നടപ്പാകില്ലെന്നു സിപിഎം  സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണു ചാന്‍സലര്‍ പദവിയും അധികാരങ്ങളും. അവ നല്‍കണോ എന്ന കാര്യത്തില്‍ ആവശ്യമായ നിലപാട് ഇനി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ നിയമപരമായും ഭരണഘടനാപരമായും ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

ഒരു ഭീഷണിക്കും കീഴടങ്ങുന്ന പ്രശ്‌നമില്ല എന്നത് ഗവര്‍ണര്‍ മനസ്സിലാക്കുന്നതാണ് നല്ലതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേന്ദ്രത്തിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന ഭയമൊന്നും സിപിഎമ്മിനില്ല. ഏത് വിവാദത്തില്‍ വേണമെങ്കിലും ഇടപെടട്ടെ. തുറന്ന പുസ്തകം പോലെ എല്ലാം ജനങ്ങള്‍ക്ക് മുന്നിലുണ്ട്. ജനങ്ങള്‍ ആഗ്രഹിക്കാത്ത ഒരു നിലപാടും സിപിഎമ്മും ഇടത് മുന്നണിയും കൈകാര്യം ചെയ്യില്ല. ജനങ്ങള്‍ക്ക് ഒപ്പമാണ്, ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.