കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാടിന് സമീപം ഒപ്പം താമസിച്ചിരുന്നയാള്‍ക്ക് വിഷം നല്‍കി 45കാരി ജീവനൊടുക്കി. ആവിക്കരയില്‍ താമസിച്ചിരുന്ന രമയെന്ന സ്ത്രീയാണ് മരിച്ചത്. വീടിനുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് രമയെ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന വയനാട് സ്വദേശിയായ ജയപ്രകാശിനെ അവശനിലയിലാണ് കണ്ടെത്തിയത്. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദീര്‍ഘനാളായി രമയും ഹോട്ടല്‍ തൊഴിലാളിയായ ജയപ്രകാശും ഒന്നിച്ചാണ് താമസിക്കുന്നത്. രമ തനിക്ക് വിഷം നല്‍കിയെന്നും പിന്നീട് രമയും വിഷം കഴിച്ചെന്നും ജയപ്രകാശ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഷം കഴിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.