ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രണയബന്ധം വേര്‍പെടുത്തിയതിന്റെ വൈരാഗ്യത്തില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി. കരോള്‍ ബാഗിലെ ഒരു പാര്‍ലറില്‍ ജോലി ചെയ്തിരുന്ന സല്‍മയാണ് മരിച്ചത്. പ്രതിയായ സദര്‍ ബസാര്‍ സ്വദേശിയായ സോനു എന്ന രോഹിത് ഗുപ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഒരു പലചരക്ക് കടയിലെ ജീവനക്കാരനായ പ്രതി വിവാഹിതനാണ്.

കൊല്ലപ്പെട്ട യുവതിയുമായി രോഹിത് പ്രണയത്തിലായിരുന്നു. ഇതിനിടെ ഇവര്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 28ന് വസീര്‍പൂര്‍ ജെജെ കോളനിയില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടത്. യുവതിയെ പരിക്കേറ്റ നിലയില്‍ കണ്ടത്തിയ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നാലെ പ്രതിയെ തിരിച്ചറിയാന്‍ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഹോട്ടലുകളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഇടക്കിടെ ഒളിത്താവളം മാറി. ഒടുവില്‍ സിവില്‍ ലൈന്‍ പരിസരത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

നിരന്തരമായ ചോദ്യം ചെയ്യലില്‍ യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും പ്രണയം അവസാനിപ്പിച്ചതാണ് പകയ്ക്ക് കാരണമായതെന്നും പ്രതി സമ്മതിച്ചു. തന്റെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പ്രതി അഴുക്കുചാലില്‍ എറിഞ്ഞെന്നാണ് മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.