പട്‌ന: കപ്പിലെ കാപ്പിയാണ് ആര്‍എസ്എസ് എന്നും മുകളിലുള്ള പത മാത്രമാണ് ബിജെപിയെന്നും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് പോംവഴിയെന്ന് തിരിച്ചറിയാന്‍ താന്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലൂടെയുള്ള തന്റെ 3500 കിലോമീറ്റര്‍ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോഡ്‌സെയുടെ ആശയത്തെ പരാജയപ്പെടുത്താന്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് മാര്‍ഗമെന്ന് തിരിച്ചറിയാന്‍ താന്‍ ഏറെ വൈകിയെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെയും ജഗന്‍ മോഹന്‍ റെഡിയുടെയും മോഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതിന് പകരം ആ വഴിക്ക് പ്രവര്‍ത്തിക്കേണ്ടതായിരുന്നു എന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

ബി.ജെ.പിയെ കൃത്യമായി മനസ്സിലാക്കാതെ ആ പാർട്ടിയെ പരാജയപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ കപ്പിലെ കാപ്പി കണ്ടിട്ടില്ലേ? മുകളില്‍ പതയായിരിക്കും ഉണ്ടാകുക. അതുപോലെയാണ് ബിജെപി. അതിനടിയില്‍ ആഴത്തിലാണ് ആര്‍എസ്എസ് ഉള്ളത്. സാമൂഹ്യഘടനയുടെ ആഴങ്ങളിലേക്ക് ആർഎസ്എസ് എത്തിയിട്ടുണ്ട്. കുറുക്കുവഴികളിലൂടെ അതിനെ പരാജയപ്പെടുത്താനാകില്ല’, പ്രശാന്ത് കിഷോർ പറഞ്ഞു.

രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന നിലയില്‍ 2014-ല്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍. അടുത്തിടെ കോണ്‍ഗ്രസ്സിനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം പാർട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കാരണം പരാജയപ്പെട്ടിരുന്നു.