തിരുവനന്തപുരം: ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാൻ നിരന്തരം ശ്രമിച്ചെന്നും അതിന് സാധിക്കാതെവന്നപ്പോഴാണ് കൊലപാതകം നടത്തിയതെന്നും ഗ്രീഷ്മ മൊഴിനൽകിയതായി എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ. ഗ്രീഷ്മ വീട്ടിൽ ഉണ്ടാക്കിയ കഷായത്തിൽ കാപിക് എന്ന കളനാശിനി കലർത്തി നൽകിയാണ് ഗ്രീഷ്മ കൊലപാതകം നടത്തിയതെന്നും ചോദ്യംചെയ്യലിൽ വ്യക്തമായതായി അദ്ദേഹം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗ്രീഷ്മയ്ക്ക് ഷാരോണുമായി ബന്ധം തുടരാൻ താത്പര്യമുണ്ടായിരുന്നില്ല. ഇരുവരും തമ്മിലുണ്ടായിരുന്നത് ലൗ- ഹേറ്റ് റിലേഷൻഷിപ്പായിരുന്നു. അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്.

കുപ്പിയിലെ കഷായമല്ല ഷാരോണിന് നൽകിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ വീട്ടിൽ തന്നെ ഉണ്ടാക്കിയ കഷായമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. നേരത്തെ വീട്ടിൽ ഉണ്ടായിരുന്ന കളനാശിനിയാണ് കഷായത്തിൽ കലർത്തിയതെന്നാണ് ഗ്രീഷ്മ മൊഴി നൽകിയത്.

‘കൊലചെയ്യണം എന്ന ഉദ്ദേശത്തോടെ തന്നെ കളനാശിനി കഷായത്തിൽ കലർത്തുകയായിരുന്നു. ഒഴിവാക്കാനായി ജാതകദോഷം ഉള്ളതായി പറഞ്ഞുവെന്ന് മൊഴി നൽകി. കൂടുതൽ അന്വേഷണം നടക്കണം. മാതാപിതാക്കളെ പ്രതിയാക്കാൻ തക്ക തെളിവുകൾ ഇല്ല. വേറെയാരുടെയും പ്രേരണയുള്ളതായി നിലവിൽ വ്യക്തമല്ല. നേരത്തെ കൊലപാതക ശ്രമം നടത്തിയതായി തെളിവില്ല. ഗ്രീഷ്മ നിരന്തരം ഒഴിവാക്കാനായി ശ്രമം നടത്തി’, അജിത്കുമാർ പറഞ്ഞു.

ഗ്രീഷ്മ കഷായം കുടിക്കുമായിരുന്നു. കഴിക്കാൻ ബുദ്ധിമുട്ടണ്ടൈന്ന് പറഞ്ഞപ്പോൾ ഷാരോൺ കളിയാക്കുമായിരുന്നു. ഞാനും കഴിച്ച് കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കുവേണ്ടി വാങ്ങിച്ചുവെച്ചിരുന്ന കഷായമാണെന്നാണ് മൊഴി. വാങ്ങിയ കഷായപ്പൊടി തിളപ്പിച്ചാണ് കഷായമുണ്ടാക്കിയത്. ഇതിൽ കാപിക് എന്ന കളനാശിനി കലർത്തി നൽകുകയായിരുന്നു. ഈ കളനാശിനിയിൽ കോപ്പർ സൾഫേറ്റ് അംശമില്ലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കോപ്പർ സൾഫേറ്റ് ആണ് കൊലപാതകത്തിന് ഉപയോഗിച്ചത് എന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിൽ വിഷമായി ഉപയോഗിച്ചത് കളനാശിനിയാണെന്ന് വ്യക്തമാകുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.