ഹൈദരാബാദ്: ലോകത്ത് ഏറ്റവും കൂടുതൽ തൊഴിൽരഹിതരും ധനികരുമുള്ളത് ഇന്ത്യയിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ തെലങ്കാനയിലെ പര്യടനത്തിനിടെയാണ് രാഹുലിന്റെ പരാമർശം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നെയ്ത്തുകാർക്കുള്ള ജി.എസ്.ടിയിൽ ഇളവ് വരുത്തുമെന്ന് രാഹുൽ പറഞ്ഞു.

കഴിഞ്ഞ 35 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ ഇപ്പോഴാണുള്ളത്. ഏറ്റവും കൂടുതൽ ധനികരും ഇപ്പോൾ രാജ്യത്തുണ്ട്. ധനികർക്ക് രാജ്യത്ത് എന്തുവേണമെങ്കിലും ചെയ്യാവുന്ന സാഹചര്യമാണുള്ളത്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവും പ്രധാനമന്ത്രി മോദിയും ഇവരെ പിന്തുണക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

രാജ്യത്തെ കർഷകർക്ക് അവരുടെ അധ്വാനത്തിന് അർഹിക്കുന്ന പ്രതിഫലം ലഭിക്കാത്ത സാഹചര്യമാണുള്ളത്. മോദിയുടെ കർഷക നിയമങ്ങളെ ടി.ആർ.എസ് പിന്തുണച്ചുവെന്നും രാഹുൽ ആരോപിച്ചു. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കൂടുതൽ തുക നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.