നെയ്‌റോബി: കഴിഞ്ഞ ജൂലൈയില്‍ കെനിയയില്‍ കാണാതായ രണ്ട്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. കെനിയന്‍ പ്രസിഡന്റ്‌ വില്യം റൂട്ടോയുടെ ഡിജിറ്റല്‍ കാമ്പയിന്‍ ടീമംഗങ്ങളായ സുള്‍ഫിക്കര്‍ അഹമ്മദ്‌ ഖാന്‍, സുഹൃത്ത്‌ മുഹമ്മദ്‌ സെയ്‌ദ്‌ സമി കിദ്‌വാനി എന്നിവരാണ്‌ മരിച്ചത്‌.
ടാക്‌സി ഡ്രൈവറായ നിക്കോഡെമസ്‌ മ്വാനിയയ്‌ക്കൊപ്പം കഴിഞ്ഞ ജൂലൈയിലാണ്‌ ഇവരെ മൊംബാസ റോഡില്‍നിന്ന്‌ കാണാതായത്‌. പിരിച്ചുവിടപ്പെട്ട ഡയറക്‌ടറേറ്റ്‌ ഓഫ്‌ ക്രിമിനല്‍ ഇന്‍വസ്‌റ്റിഗേഷന്‍ യൂണിറ്റാണ്‌ ഇവരെ കൊല്ലപ്പെടുത്തിയതെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രസിഡന്റ്‌ വില്യം റൂട്ടോയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ വിജയത്തിന്‌ ഇരുവരും നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നതായി ദി നേഷന്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.
നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ ചെയ്‌തെന്ന്‌ ആരോപിക്കപ്പെടുന്ന സ്‌പെഷല്‍ സര്‍വീസ്‌ യൂണിറ്റ്‌(എസ്‌.എസ്‌.യു) പിരിച്ചുവിട്ട പശ്‌ചാത്തലത്തിലാണ്‌ ഈ വെളിപ്പെടുത്തല്‍. രണ്ട്‌ ഇന്ത്യക്കാരുടെ തിരോധാനത്തിന്‌ പിന്നിലും ഈ സംഘമാണെന്നാണ്‌ സംശയം. ഇന്ത്യക്കാരെ കാണാതായതു സംബന്ധിച്ച അന്വേഷണം എസ്‌.എസ്‌.യുവില്‍ ചെന്നെത്തിയതോടെ ഈ യൂണിറ്റ്‌ പിരിച്ചുവിടാന്‍ പ്രസിഡന്റ്‌ വില്യം റൂട്ടോ ഉത്തരവിട്ടിരുന്നു. യൂണിറ്റിന്‌ കീഴില്‍ സേവനമനുഷ്‌ഠിച്ച 21 ഡിറ്റക്‌ടീവുകളെ നെയ്‌റോബിയിലെ ഇന്റേണല്‍ അഫയേഴ്‌സ്‌ യൂണിറ്റ്‌(ഐ.എ.യു) ആസ്‌ഥാനത്തേക്ക്‌ വിളിപ്പിച്ചിട്ടുണ്ട്‌.