തിരുവനന്തപുരം: കിളികൊല്ലൂരില്‍ ഉള്‍പ്പെടെ പോലീസ്‌ അടുത്തിടെ നടത്തിയ അതിക്രമങ്ങളില്‍ ഇടതുമുന്നണിയില്‍ കടുത്ത അതൃപ്‌തി. സി.പി.എമ്മിനുള്ളില്‍ തന്നെ ഇക്കാര്യത്തില്‍ അമര്‍ഷം പുകയുകയാണ്‌. പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മനോവീര്യം തകര്‍ക്കുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന്‌ വേണ്ടത്ര ഇടപെടലുകള്‍ ഉണ്ടാകുന്നില്ലെന്ന പരാതി ശക്‌തമായി. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. തങ്ങളുടെ അതൃപ്‌തി പരസ്യമാക്കി രംഗത്തുവന്നുകഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ഇടതുപക്ഷ അനുയായികളും മറ്റും പോലീസ്‌ നയത്തിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണുയര്‍ത്തുന്നത്‌.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും പോലീസിന്റെ ഭാഗത്ത്‌ ഇത്തരം നടപടികളുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ വളരെ രൂക്ഷമാകുന്നുവെന്നാണ്‌ പാര്‍ട്ടിയിലെയും മുന്നണിയിലെയും പരാതി. ഇടതുമുന്നണിയുടെ, പ്രത്യേകിച്ച്‌ സി.പി.എമ്മിന്റെ ഭാഗമാണെന്നറിഞ്ഞാല്‍ അവരോടു വളരെ മോശമായി ഇടപെടുന്നത്‌ പോലീസ്‌ പതിവാക്കിയിരിക്കുന്നുവെന്നാണ്‌ പൊതുവിലുള്ള വിമര്‍ശനം. നേരത്തെ പരസ്യമായിത്തന്നെ ഡി.വൈ.എഫ്‌.ഐ. കോഴിക്കോട്ടും മറ്റും പോലീസിനെതിരേ രംഗത്തുവന്നിരുന്നു. അടുത്തിടെ പരാതി പറയാന്‍ പോയ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനെ പോലീസ്‌ സ്‌റ്റേഷനിലിട്ടു തല്ലിച്ചതച്ചു. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കൂടിയായവരെയാണ്‌ ഇപ്പോള്‍ കിളികൊല്ലൂരില്‍ മൃഗീയമായി തല്ലിയിരിക്കുന്നത്‌. ഇതു തടയണമെന്ന ആവശ്യം ശക്‌തമാണ്‌.

എന്തുചെയ്‌താലും സംരക്ഷിക്കാന്‍ ആളുണ്ടെന്ന വിചാരമാണ്‌ പോലീസിനെക്കൊണ്ട്‌ ഇങ്ങനെ ചെയ്യിക്കുന്നതെന്ന്‌ സി.പി.എമ്മിനുള്ളില്‍ നിന്നുതന്നെ ആരോപണം ഉയരുന്നുണ്ട്‌. ആഭ്യന്തരവകുപ്പ്‌ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്തുവരാന്‍ കഴിയാത്തതിനാല്‍ അവര്‍ മൗനം പാലിക്കുകയാണ്‌. ഡി.വൈ.എഫ്‌.ഐക്കുള്ളിലും ഇക്കാര്യത്തില്‍ കടുത്ത അമര്‍ഷമുണ്ട്‌. പോലീസിന്റെ പീഡനത്തിന്‌ ഏറ്റവും കൂടുതല്‍ ഇരയാകുന്നതു തങ്ങളാണെന്ന്‌ അവര്‍ പറയുന്നു.

സി.പി.ഐക്കും പോലീസ്‌ നയത്തില്‍ കടുത്ത വിയോജിപ്പാണ്‌. അടുത്തിടെ നടന്ന അവരുടെ സമ്മേളനങ്ങളില്‍ അതു ശക്‌തമായി ഉയരുകയും ചെയ്‌തു. മന്ത്രിയായ ജി.ആര്‍. അനിലിനോടുപോലും വളരെ അപമര്യാദയായി ഒരു പോലീസ്‌ ഉദ്യോഗസ്‌ഥന്‍ പെരുമാറി. ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഒരു വിലയുമില്ലാത്ത സാഹചര്യമാണെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുപക്ഷ ഭരണത്തിന്‍കീഴില്‍ പോലീസ്‌ ഒരിക്കലും ഒരു മര്‍ദ്ദക ഉപകരണമായി നിലകൊള്ളാന്‍ പാടില്ല. അതിനെ സേവനസന്നദ്ധമാക്കുകയാണു വേണ്ടത്‌. ആരെ എന്തുചെയ്‌താലും പോലീസിനെതിരേ കൈക്കൊള്ളുന്ന ഏറ്റവും വലിയ നടപടി സ്‌ഥലംമാറ്റമാണ്‌. അതൊരു നടപടലയല്ലെന്നും പോലീസിനുളളിലെ ക്രിമിനലുകളെ നിലയ്‌ക്കു നിര്‍ത്താന്‍ സര്‍ക്കാരിന്‌ കഴിയണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്നു. അടുത്ത ഇടതുമുന്നണി യോഗത്തിലൂം ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടുവന്നേക്കും.

എല്ലാ കാര്യത്തിലും സര്‍ക്കാരിനെയും സി.പി.എമ്മിനെയും പിന്തുണയ്‌ക്കുന്ന സമൂഹമാധ്യമങ്ങളിലെ ഇടതുപ്രഫൈലുകള്‍ പോലും കിളികൊല്ലൂര്‍ വിഷയത്തില്‍ കടുത്ത പ്രതിഷേധമാണു പ്രകടിപ്പിക്കുന്നത്‌. വകുപ്പ്‌ കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെ പിടിപ്പുകേടായാണ്‌പല വിശേഷണങ്ങളും. കഴിയില്ലെങ്കില്‍ വകുപ്പൊഴിയാന്‍ പിണറായി തയാറാകണമെന്ന നിര്‍ദ്ദേശംപോലും പലരും മുന്നോട്ടുവച്ചിട്ടുണ്ട്‌.