വാഷിങ്ടൺ: പാകിസ്താന്റെ എഫ് -16 യുദ്ധവിമാനങ്ങള്‍ നവീകരിക്കുന്നത് ഉള്‍പ്പടെയുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി 450 മില്യണ്‍ യു.എസ് ഡോളറിന്റെ വിപുലമായ പാക്കേജിന് അമേരിക്കൻ യുഎസ് കോൺഗ്രസ് അംഗീകാരം നൽകി. തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങളിൽ പാകിസ്താന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ തീരുമാനമെന്നാണ് അമേരിക്കയുടെ വിശദീകരണം. ഇന്ത്യ വിഷയത്തില്‍ ആശങ്ക ഉന്നയിക്കുന്നതിനിടെയാണ് അമേരിക്കയുടെ നടപടി.

ട്രംപ് ഭരണകൂടം നിർത്തലാക്കിയ നടപടിയാണ് ബൈഡൻ ഇപ്പോൾ പുനരാരംഭിച്ചത്. സെപ്റ്റംബർ 7-നായിരുന്നു യുഎസ് കോൺഗ്രസ് വിദേശകാര്യ കമ്മിറ്റി യുദ്ധവിമാനങ്ങൾക്കടക്കമുള്ള സാമ്പത്തിക സഹായ പാക്കേജുമായി ബന്ധപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്. സെനറ്റിൽ ആർക്കെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും അറിയിച്ചിരുന്നു. തുടർന്ന് എതിർപ്പുകളൊന്നും ഇല്ലാത്തതിനാൽ യുഎസ് കോൺഗ്രസ് അംഗീകാരം നൽകുകയായിരുന്നു.

അതേസമയം, സംഭവത്തിൽ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഇന്ത്യ. അനവസരത്തിലുള്ള അനുചിതമായ തീരുമാനമാണ് ഇതെന്നാണ് ഇന്ത്യയുടെ ആക്ഷേപം. യു.എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി ഡൊണാള്‍ഡ് ലൂവിനെയാണ് ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. 2018ല്‍ പാകിസ്താനുള്ള 200 കോടി ഡോളര്‍ സുരക്ഷ സഹായവും ആയുധ വിതരണവും യു.എസ് മരവിപ്പിച്ചിരുന്നു.

താലിബാന്‍ ഉള്‍പ്പടെയുള്ള ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുന്നതിന്റെ പേരില്‍ പാകിസ്താനുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായായിരുന്നു സുരക്ഷാ സഹായം നിര്‍ത്തലാക്കിയത്. ഇതിനുശേഷം ആദ്യമായാണ് അമേരിക്ക വീണ്ടും പാകിസ്താനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത്.

പാക് അതിര്‍ത്തിക്കുള്ളില്‍ ഭീകരവിരുദ്ധ ആവശ്യങ്ങള്‍ക്ക് മാത്രമേ എഫ് 16 യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളു എന്നാണ് അമേരിക്കയുമായുള്ള കരാര്‍. വിമാനത്തില്‍ ആയുധം ഘടിപ്പിക്കുന്നതിന് മുന്‍പ് അമേരിക്കയെ അറിയിക്കണമെന്നും ചട്ടമുള്ളതായാണ് സൂചന. പക്ഷേ, പാകിസ്താന്റെ പോര്‍വിമാനങ്ങളുടെ ലക്ഷ്യം എല്ലാ സാഹചര്യങ്ങളിലും ഇന്ത്യന്‍ അതിര്‍ത്തികളാവും എന്നതാണ് ഇന്ത്യന്‍ ആശങ്കയുടെ അടിസ്ഥാനം.