തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവിറക്കിയ ഗവർണറുടെ നടപടിയ്‌ക്കെതിരെ കേരള സർവ്വകലാശാല കോടതിയെ സമീപിച്ചേക്കും. ഇക്കാര്യത്തിൽ യൂണിവേഴ്‌സിറ്റി ഇന്ന് തീരുമാനമെടുക്കും. ഗവർണറുടെ നിലപാട് സർവ്വകലാശാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് സർവ്വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെയാണ് ഗവർണർ സെനറ്റിൽ നിന്നു പിൻവലിച്ചത്. 

സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് അന്ത്യശാസനം നൽകിയിരുന്നു. വിസി ഈ ശാസനം തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ വൈസ് ചാൻസലറെ ഇക്കാര്യം അറിയിച്ചു. കോടതിയിൽ ഗവർണർക്കെതിരായ നിലപാടാണ് സർവ്വകലാശാല കൈക്കൊള്ളുക.

ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും പ്രധാനമായും ആവശ്യപ്പെടുക. കോടതി സ്‌റ്റേ ചെയ്യുകയാണെങ്കിൽ അടുത്ത സെനറ്റ് യോഗത്തിൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ കഴിയും. ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്.

ഈ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വിസി ഗവർണർക്ക് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്നായിരുന്നു യോഗം. ഇതിന് പിന്നാലെയായിരുന്നു ഗവർണറുടെ അസാധാരണ നടപടി. 

ഈ സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങൾ ഗവർണർ ആവശ്യപ്പെട്ടെങ്കിലും വിസി മറുപടി നൽകിയിരുന്നില്ല. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിർദേശിക്കാനുള്ള സുപ്രധാന യോഗത്തിന് എത്തിയവരുടെ വിശദാംശങ്ങൾ നൽകാനാണ് ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടിരുന്നത്. ഗവർണറുടെ നോമിനികൾ യോഗത്തിൽ പങ്കെടുക്കാത്ത സാഹചര്യത്തിൽ അവരെ പിൻവലിക്കുന്നത് രാജ്ഭവന്റെ പരിഗണനയിലായിരുന്നു.

ഗവർണർ നാമനിർദേശം ചെയ്ത 13 സാധാരണ അംഗങ്ങളും 4 വിദ്യാർഥികളുമാണ് സെനറ്റിൽ ഉള്ളത്. ഇതിൽ 2 സാധാരണ അംഗങ്ങൾ മാത്രമേ സെനറ്റ് യോഗത്തിന് എത്തിയുള്ളൂ. വിസിയുടെ വിശദീകരണം ലഭിച്ചശേഷം നിയമോപദേശം കൂടി തേടിയതിന് ശേഷം തുടർനടപടി സ്വീകരിക്കാനാണ് രാജ്ഭവൻ തീരുമാനിച്ചിരുന്നത്. യോഗത്തിൽ നിന്നു വിട്ടു നിന്നവരെ പിൻവലിച്ചതോടെ സിപിഎമ്മിലെ 2 പേരുടെ സിൻഡിക്കറ്റ് അംഗത്വം നഷ്ടപ്പെടും. പ്രോ വൈസ് ചാൻസലറും വിട്ടു നിന്നവരിൽ ഉൾപ്പെടുന്നു.