ഗുവാഹത്തി: ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി (ക്ലാസ് 12) പരീക്ഷയില്‍ ഉന്നത മാര്‍ക്കോടെ വിജയിച്ച 35,800 വിദ്യാര്‍ത്ഥികള്‍ക്ക് (പെണ്‍കുട്ടികളും ആണ്‍കുട്ടികളും) സൗജന്യ സ്‌കൂട്ടറുകള്‍ നല്‍കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു. 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ 29,748 പെണ്‍കുട്ടികള്‍ക്കും 75 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ 6,052 ആണ്‍കുട്ടികള്‍ക്കും സ്‌കൂട്ടറുകള്‍ നല്‍കും. ബുധനാഴ്ച ഗുവാഹത്തിയിലെ ജനതാഭവനില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സ്‌കൂട്ടര്‍ വിതരണ ചടങ്ങ് നവംബര്‍ 30 മുതല്‍ നടക്കുമെന്നും ഉദ്ഘാടന പരിപാടി കാമരൂപ് ജില്ലയിലെ കാംരൂപില്‍ (മെട്രോ) നടക്കുമെന്നും കാബിനറ്റ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് അസം മന്ത്രി ജയന്ത മല്ല ബറുവ പറഞ്ഞു. നിര്‍ദേശത്തിന്റെ ഭാഗമായി നോഡല്‍ പ്രിന്‍സിപ്പല്‍മാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സിനുമുള്ള സാമ്പത്തിക സഹായവും ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും അറിയിട്ടിട്ടുണ്ട്. 258.9 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

പ്രൊവിന്‍ഷ്യലൈസ്ഡ് കോളേജുകളില്‍ നിശ്ചിത ശമ്പളത്തില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ പ്രതിമാസ വേതനം 55,000 രൂപയായി ഉയര്‍ത്താനും അസം മന്ത്രിസഭ തീരുമാനിച്ചു. ഇതിന് പുറമെ മിഷന്‍ ബസുന്ദര രണ്ടാം ഘട്ടം നടപ്പാക്കുന്നതിനെ കുറിച്ചും സംസ്ഥാന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.