കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി. പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന് വിരുദ്ധമായാണ് ജാമ്യം അനുവദിച്ചതെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ദളിത് യുവതിയാണെന്ന് അറിഞ്ഞ് തന്നെയാണ് ലൈംഗികാതിക്രമം നടത്തിയതെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ്.

നേരത്തെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലെ വിവാദ പരാമര്‍ശം ഹൈക്കോടതി നീക്കിയിരുന്നു. പരാതിക്കാരി പ്രകോപനപരമായ രീതിയില്‍ വസ്ത്രം ധരിച്ചെന്ന കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ പരാമര്‍ശമാണ് ഹൈക്കോടതി ഒഴിവാക്കിയത്. 

നേരത്തെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ തീരുമാനം ഉണ്ടാകുന്നത് വരെ സിവിക് ചന്ദ്രന്റെ പ്രായം കണക്കിലെടുത്ത് അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടത് അനാവശ്യ പരാമര്‍ശമാണെന്നും കോടതി പറഞ്ഞിരുന്നു. കോഴിക്കോട് ജില്ലാ കോടതിയുടെ ഉത്തരവില്‍ നിയമപരമായ പിശകുകളുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവ് സ്ത്രീ വിരുദ്ധമാണെന്നും സുപ്രീം കോടതി മര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.