സ്വീഡന്റെ കാലാവസ്ഥ മന്ത്രിയായി 26 കാരി. ലിബറല്‍ പാര്‍ട്ടിയുടെ യുവനേതാവായ റൊമീന പോള്‍മൊഖ്താരിയെ സ്വീഡന്റെ കാലാവസ്ഥ മന്ത്രിയായി നിയമിച്ചു. ഇതോടെ സ്വീഡനിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി റൊമീന മാറി. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാട്ടം നയിച്ച് ലോക ശ്രദ്ധനേടിയ ഗ്രേറ്റ തുന്‍ബര്‍ഗിന്റെ നാടാണ് സ്വീഡന്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ അവതരിപ്പിച്ച കാബിനറ്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് റൊമിന ഇടംനേടിയത്.പുതിയ മന്ത്രിസഭയില്‍ 11 സ്ത്രീകളടക്കം 24 പേരാണുള്ളത്.

ഇറാനിയന്‍ വംശജയായ റൊമീന സ്റ്റോക്‌ഹോമിന്റെ ഗ്രാമപ്രദേശത്താണ് ജനിച്ചത്. കാലാവസ്ഥാ പരിസ്ഥിതി മന്ത്രിയായ റൊമീന 27 വയസ്സുള്ള ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന മുന്‍ റെക്കോര്‍ഡാണ് മറികടന്നത്. സ്വീഡിഷ് ജനസംഖ്യയിലെ ഒരു കോടിയാളുകള്‍ വിദേശീയരാണ്. അതില്‍ തന്നെ ഭൂരിഭാഗവും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍,സൊമാലിയ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയവരാണ്.