കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണം നേരിടുന്ന തടസങ്ങൾ നീക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. ഏത് സാഹചര്യത്തിലായാലും ഇടക്കാല ഉത്തരവ് നടപ്പാക്കിയേ മതിയാവൂ എന്നാണ് ഹൈക്കോടതി ഇന്ന് സർക്കാരിനെ അറിയിച്ചത്. റോഡുകളിലെ തടസങ്ങൾ ഉൾപ്പെടെ നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. 

റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് സർക്കാരിനെ കോടതി വിമർശിച്ചു. വിഷയത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയതിന്റെ വിശദാംശങ്ങൾ ഒക്ടോബർ 25നകം സമർപ്പിക്കണമെന്നും ഹൈക്കോടതി കർശന നിർദ്ദേശം നൽകി.

ഇടക്കാല ഉത്തരവ് വന്നിട്ടും സമരപ്പന്തൽ പൊളിച്ചില്ലെന്നും പോലീസിന് ആവില്ലെങ്കിൽ  കേന്ദ്ര സേനയെ കൊണ്ടുവരണമെന്നും അദാനി ഗ്രൂപ്പ് വാദിച്ചു. എന്നാൽ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചാൽ മരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംഭവിക്കാമെന്നും, ക്രമസമാധാനം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ടെന്നും സർക്കാർ മറുപടി നൽകി. സർക്കാരിനെതിരായ അദാനി ഗ്രൂപ്പിന്റെയും, കരാർ കമ്പനിയുടെയും കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി.