ന്യൂഡൽഹി: മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ കഫ് സിറപ്പുകളെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഗുണനിലവാരം സംബന്ധിച്ച് ആശങ്കകൾ ഉയർന്നതിന് പിന്നാലെ പലയിടങ്ങളിലും വിലക്കുകളും ഏർപ്പെടുത്തിയിരുന്നു. ഗാംബിയയിലെ കുട്ടികളുടെ മരണവുമായി കഫ്‌സിറപ്പിന് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിന് പിന്നാലെയാണിത്. എന്നാൽ ഇതാദ്യമായല്ല മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്ത് ചർച്ചകളിൽ ഇടംപിടിക്കുന്നതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇതിനുമുമ്പും ഈ കമ്പനി താഴ്ന്ന നിലയിലുള്ള മരുന്നുകൾ ഉണ്ടാക്കി വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിന് കമ്പനിയെ വിയറ്റ്‌നാമീസ് സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഗാസിയാബാദിലെ നോർത്ത് സോണിലെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്സിഒ) ഡ്രഗ് ഇൻസ്‌പെക്ടറുടെ പരാതിയിൽ കമ്പനിക്കെതിരായ കേസ് സോനെപത് കോടതിയുടെ പരിഗണനയിലാണ്. 

വിയറ്റ്‌നാമിലേക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകൾ വിതരണം ചെയ്തതിന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ സിഡിഎസ്സിഒയുടെ ഡ്രഗ് ഇൻസ്പെക്ടർ സോനെപത് കോടതിയിൽ പരാതി നൽകിയിരുന്നു. റാണിറ്റിഡിൻ ഹൈഡ്രോക്ലോറൈഡ് ടാബ്ലെറ്റിന്റെ (മാന്റാക്ക്-150) സാമ്പിൾ പരാജയപ്പെട്ടുവെന്നായിരുന്നു ആരോപണം. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്, അതിന്റെ ഡയറക്ടർ നരേഷ് കുമാർ ഗോയൽ, ടെക്നിക്കൽ ഡയറക്ടർ എന്നിവർ സോനെപത് കോടതിയിൽ വിചാരണ നേരിടുകയാണ്. ഈ കേസിൽ അടുത്ത വാദം ഒക്ടോബർ 28ന് നടക്കും.

ഇന്ത്യയിൽ നിന്ന് വിയറ്റ്‌നാമിലേക്ക് കയറ്റുമതി ചെയ്യുന്ന മെഡിക്കൽ ഉൽപ്പന്നങ്ങൾ കമ്പനിയാണ് നിർമ്മിക്കുന്നത്. കമ്പനിയിൽ പരിശോധന നടത്തിയതായും ഡ്രഗ് ഇൻസ്‌പെക്ടർ പറയുന്നു. അദ്ദേഹം റാണിറ്റിഡിൻ ഹൈഡ്രോക്ലോറൈഡ് ടാബ്ലെറ്റ് ബിപി (മാന്റാക്ക്-150) സാമ്പിൾ എടുത്തിരുന്നു. സാമ്പിൾ 2014 മാർച്ച് 18 ന് വിശകലനത്തിനായി ചണ്ഡിഗഡിലെ റീജിയണൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറിയിലേക്ക് അയച്ചു. ലബോറട്ടറി റിപ്പോർട്ടിൽ സാമ്പിൾ നിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടർന്ന് ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം 2014 സെപ്റ്റംബർ ഒന്നിന് ഡ്രഗ് ഇൻസ്‌പെക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

തുടർന്ന് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ഡയറക്ടർ നരേഷ് കുമാർ ഗോയൽ, ടെക്നിക്കൽ ഡയറക്ടർ എംകെ ശർമ എന്നിവർക്കെതിരെ ഡ്രഗ് ഇൻസ്‌പെക്ടർ പരാതി നൽകി. 2017 മുതൽ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് 1940 പ്രകാരമാണ് കേസ് പരിഗണിക്കുന്നത്. ഈ കേസിന്റെ അടുത്ത വാദം ഇപ്പോൾ ഒക്ടോബർ 28 ആണ്. ഈ കേസ് നിലനിൽക്കെയാണ് ഗാംബിയയിലെ കുട്ടികളുടെ മരണവും ഗുണനിലവാരവും സംബന്ധിച്ച് പുതിയ ചർച്ചകൾ നടക്കുന്നത്.