യുക്രെയ്‌ന്റെ ഡനിട്സ്‌ക്, ലുഹാന്‍സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നീ നാല് പ്രദേശങ്ങള്‍ റഷ്യ പിടിച്ചടക്കിയതിനെ അപലപിക്കന്‍ യുഎന്‍ ജനറല്‍ അസംബ്ലി വീണ്ടും യോഗം ചേര്‍ന്നു. 193 ല്‍ 143 രാജ്യങ്ങള്‍ പുടിന്റെ നീക്കം നിയമവിരുദ്ധമാണെന്ന പ്രമേയത്തെ അനുകൂലിച്ചു, നാലു രാജ്യങ്ങള്‍ എതിര്‍ത്തു, ഇന്ത്യയും ചൈനയും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുക്രെയ്‌ന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതും സാധാരണക്കാരുടെ മരണവും ഉള്‍പ്പെടെ ഉക്രെയ്നിലെ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ അഗാധമായ ആശങ്കയുണ്ടെന്ന് ഇന്ത്യ പറഞ്ഞു. നാല് യുക്രേനിയന്‍ പ്രദേശങ്ങള്‍ റഷ്യ തങ്ങളുടേതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎന്‍ യോഗം ചേര്‍ന്നത്. 

‘ഇത് യുദ്ധത്തിന്റെ യുഗമാകില്ലെന്ന് എന്റെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കാനുള്ള ഉറച്ച തീരുമാനത്തോടെ, വിട്ടുനില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചു,’ യുഎന്‍ സ്ഥിരാംഗം രുചിര കാംബോജ് പറഞ്ഞു. ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണ്, അവിടെ ഉറച്ചുനില്‍ക്കും. യുഎന്‍ തത്വങ്ങളെ ബഹുമാനിക്കുന്ന പക്ഷത്താണ് ഞങ്ങളെന്നും യുഎന്നില്‍ അംബാസഡര്‍ കംബോജ് പറഞ്ഞു.