മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ വെള്ളിയാഴ്ച നടത്തിയ യോഗത്തില്‍ പങ്കെടുത്തത് 27 പേര്‍. ട്രംപിന് പിന്തുണച്ചുകൊണ്ട് വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന യോഗമാണ് പങ്കെടുക്കാന്‍ ആളില്ലാത്തത് മൂലം ശ്രദ്ധേയമായത്. കനത്ത വെയിലും പ്രതിഷേധക്കാരെയുമടക്കം നിരവധി കാരണങ്ങളാണ് യോഗത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ട്രംപ് അനുകൂലികള്‍ മുന്നോട്ട് വച്ചത്. മുന്‍ പ്രസിഡന്‍റിനെ പിന്തുണയ്ക്കുന്നവരാണ് യോഗം സംഘടിപ്പിച്ചത്. ഇതില്‍ ട്രംപ് പങ്കെടുത്തിരുന്നില്ല. റാലിയില്‍ പങ്കെടുക്കാനായി എത്തിയത് വെറും 27 പേരെന്നാണ് റിപ്പോര്‍ട്ട്.  

സ്വേച്ഛാധിപതികളെ തടയുക സ്വാതന്ത്ര്യത്തിനായി ഒരുമിക്കുക എന്ന പേരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ട്രംപ് നേരത്തെ നടത്തിയ പ്രഭാഷണങ്ങളുടെ വീഡിയോ ഫൂട്ടേജുകളാണ് കാണിച്ചത്. ക്ഷണിതാക്കളിലെ പ്രധാനി വൈറ്റ് ഹൗസിലെ മുൻ ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീവ് ബാനൻ ആയിരുന്നു.  ട്രംപിന്‍റെ പ്രചാരണ സഹായിയായിരുന്ന മാറ്റ് ബ്രെയ്നാര്‍ഡും യോഗത്തില്‍ പങ്കെടുത്തവരില്‍പ്പെടുന്നുണ്ട്. പരിപാടി ചിലര്‍ തടസപ്പെടുത്തുവാന്‍ ശ്രമിച്ചെന്നാണ് സംഘാടകനായ ജോണ്‍ പോള്‍ മോറന്‍ അവകാശപ്പെടുന്നത്. പ്രതിഷേധവുമായി എത്തിയവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടെന്നാണ് മോറന്‍ ആരോപിച്ചത്.

റാലിയിലെ ജനപങ്കാളിത്തം കുറഞ്ഞതിന് കാരണമായി വെയിലിനെയാണ് തീവ്ര വലതുപക്ഷാനുഭാവിയായ അഭിഭാഷകന്‍ ഡിബോറ വീസ് പഴിച്ചത്. ആളുകള്‍ ജോലിത്തിരക്കിലായിരുന്നുവെന്നും വീസ് പറയുന്നു. പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള മെയിലുകള്‍ സ്പാം ഫോള്‍ഡറില്‍ പോയിരിക്കാമെന്നും വീസ് സംശയിക്കുന്നുണ്ട്. 2021 ജനുവരി 6ന് നടന്ന ക്യാപിറ്റോള്‍ കലാപത്തെയാണ് ട്രംപ് അനുകൂല പരിപാടിയില്‍ ആളില്ലാത്തതിന് മറ്റ് ചിലര്‍ പഴിച്ചത്. മുന്‍ പ്രസിഡന്‍റ് ഈ റാലിയില്‍ പങ്കെടുത്തില്ലെങ്കിലും അടുത്ത് തന്നെ നടക്കുന്ന ചില യോഗങ്ങളില്‍ പങ്കെടുക്കുമെന്നാണ് സൂചന. അമേരിക്കയ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി മിന്‍ഡെന്‍, നെവാഡ എന്നിവിടങ്ങളില്‍ ശനിയാഴ്ചയും മെസ, അരിസോണ എന്നിവടങ്ങളില്‍ ഞായറാഴ്ചയും റാലികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇഥില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍.

2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിക്കവരും ട്രംപിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് നിര്‍ദ്ദേശിക്കുന്നത്. ജോ ബൈഡനെ മാറ്റണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുമ്പോഴാണ് മുന്‍ പ്രസിഡന്‍റിനെ തിരിച്ചുകൊണ്ടുവരണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം. ഒരു സര്‍വേയിലാണ് ഈ പ്രതികരണം ലഭിച്ചത്. ജോ ബൈഡന്‍റെ പ്രായമാണ് ഡെമോക്രാറ്റുകള്‍ രണ്ടാം അങ്കത്തിന് തടസമായി കാണുന്നത്. 79കാരനായ ജോ ബൈഡന്‍ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്‍റാണ്.