മുംബൈ: തിരഞ്ഞെടുപ്പില്‍ ശിവസേനാ ചിഹ്നം അമ്പും വില്ലും ഉപയോഗിക്കുന്നതിന് വിലക്ക് വന്നതിന് പിന്നാലെ പുതിയ ചിഹ്നങ്ങള്‍ക്കായുള്ള ചര്‍ച്ചകളാരംഭിച്ച് ഉദ്ധവ് താക്കറെ വിഭാഗം. ത്രിശൂലം, ഉദയ സൂര്യന്‍, തീപന്തം എന്നിവയാണ് താക്കറെ ക്യാമ്പിന്റെ പരിഗണയിലുളള ചിഹ്നങ്ങളെന്ന് അടുത്ത വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ഉദ്ധവ് താക്കറെ വിളിച്ച യോഗത്തില്‍ നേതാക്കള്‍ അന്തിമചിഹ്നങ്ങള്‍ ചര്‍ച്ച ചെയ്യും. വരുന്ന അന്ധേരി ഈസ്റ്റ് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതില്‍ നിന്ന് താക്കറെ, ഏകനാഥ് ഷിന്‍ഡെ വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതിന് പിന്നാലെയാണ് യോഗം.

1989 ഒക്ടോബര്‍ 1 ന് വില്ലും അമ്പും ചിഹ്നം രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തെങ്ങ്, റെയില്‍വേ എഞ്ചിന്‍, വാളും പരിചയും, തീപന്തം , കപ്പ്, സോസര്‍ തുടങ്ങിയ ചിഹ്നങ്ങള്‍ സേന ഉപയോഗിച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും വിദഗ്ധരില്‍ നിന്നും ചിഹ്നങ്ങളെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉദ്ധവ് ക്യാമ്പിലെ ഒരു മുതിര്‍ന്ന നേതാവ് സ്ഥിരീകരിച്ചു. ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ലഭ്യമായ ചിഹ്നങ്ങളും നേതാക്കള്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേന ബാലാസാഹേബ് താക്കറെ, ശിവസേന ഉദ്ധവ് താക്കറെ, ശിവസേന പ്രബോധന്‍ താക്കറെ എന്നിങ്ങനെയാണ് പാര്‍്ട്ടിക്കായി ഉയര്‍ന്നുവരുന്ന പേരുകള്‍

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ  ഉത്തരവ് അനീതിയാണെന്ന് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിശേഷിപ്പിച്ചിരുന്നു. ഉത്തരവിന് പിന്നാലെ ശിവസേന നേതാവും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെ പ്രതികരിച്ചിരുന്നു. ശിവസേന എന്ന പേരും ചിഹ്നവും മരവിപ്പിച്ചത് നാണംകെട്ടതും നീചവുമായ ഈ പ്രവൃത്തിയാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഇത് സഹിക്കില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.’ഞങ്ങള്‍ പൊരുതി ജയിക്കും. ഞങ്ങള്‍ സത്യത്തിന്റെ പക്ഷത്താണ്. സത്യമേവ ജയതേ!’  അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.