ഗുജറാത്തിലെ നവരാത്രി ആഘോഷ പരിപാടിയിൽ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ചിലരെ തൂണിൽ കെട്ടിയിട്ട് ചൂരൽ കൊണ്ട് അടിച്ചതിന് പിന്നാലെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ബിജെപിക്കെതിരെ രംഗത്ത്. “ഒരു തെരുവ് നായയ്ക്ക് പോലും ഇന്ത്യയിൽ ബഹുമാനമുണ്ട്, പക്ഷേ മുസ്ലീങ്ങളോടതില്ല” എഐഎംഐഎം മേധാവി ഒരു വീഡിയോയിൽ പറഞ്ഞു. 

രാജ്യത്ത് എവിടെയൊക്കെ ബിജെപി സർക്കാർ അധികാരത്തിൽ ഉണ്ടെങ്കിലും മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. പലയിടത്തും മദ്രസകൾ തകർക്കപ്പെടുകയാണ്,” അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഖേഡയിലെ ഉന്ധേല ഗ്രാമത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗർബ’ നൃത്ത പരിപാടിക്ക് നേരെ മുസ്ലീം സമുദായാംഗങ്ങൾ അടങ്ങുന്ന ആൾക്കൂട്ടം കല്ലെറിഞ്ഞിരുന്നു. 

ഇതിന് പിന്നാലെ ഉന്ധേല ഗ്രാമത്തിലെ ഒരു കവലയിൽ ഒരു വൈദ്യുത തൂണിനോട് ചേർത്ത് പൊതു മധ്യത്തിൽ ഒമ്പത് പേരെ പോലീസുകാർ ചൂരൽ ഉപയോഗിച്ച് മർദിച്ചിരുന്നു. “ഗുജറാത്തിൽ, നവരാത്രി ആഘോഷ പരിപാടിക്ക് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ച് മുസ്ലീം പുരുഷന്മാരെ പോലീസ് പിടികൂടി. 300-400 പേരുടെ മുന്നിൽ വെച്ച് പോലീസ് ഇവരെ തൂണിൽ കെട്ടിയിട്ട് ചൂരൽ കൊണ്ട് അടിച്ചു. ഈ സമയം അവിടെ കൂടിയവർ പോലീസ് അനുകൂല മുദ്രാവാക്യം വിളിച്ചു” ഒവൈസി വീഡിയോയിൽ ആരോപിക്കുന്നു.

നേരത്തെ പൊതുജന മധ്യത്തിൽ വെച്ച് നടന്ന മർദനത്തിന്റെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചതിനെയും ഒവൈസി ചോദ്യം ചെയ്തു. “പ്രധാനമന്ത്രി ഗുജറാത്തിൽ നിന്നുള്ളയാളാണ്, നിങ്ങൾ അവിടെ മുഖ്യമന്ത്രിയായിരുന്നു, നിങ്ങളുടെ സംസ്ഥാനമാണിത്. ഇവിടെ മുസ്ലിങ്ങളെ പരസ്യമായി മർദിക്കുകയാണ്. കോടതികൾ അടച്ചിട്ട് പോലീസിനെ പിരിച്ചു വിടുന്നതാണ് നല്ലത്”  ഒവൈസി ചൂണ്ടിക്കാട്ടി. 

“ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തിൽ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയും ?” ഒവൈസി പ്രധാനമന്ത്രിയോട് ചോദിച്ചു. അതേസമയം ഗുജറാത്തിൽ നടന്ന പോലീസ് അതിക്രമത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.