ലക്‌നോ: ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിൽ കുരവലി പോലീസ് സ്‌റ്റേഷൻ പരിധിയിൽ മൂന്ന് മാസം മുമ്പ് ബലാത്സംഗത്തിനിരയായ ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്തി ചുട്ടുകൊന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. 

മൂന്ന് മാസം മുമ്പ് ഇതേ ഗ്രാമത്തിൽ താമസിക്കുന്ന അഭിഷേക് എന്നയാൾ തന്റെ മകളെ ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ മാതാവ് ആരോപിച്ചു, എന്നാൽ പെൺകുട്ടി തന്റെ വീട്ടുകാരോട് പീഡന വിവരം വെളിപ്പെടുത്തിയിരുന്നില്ല.

ഇതിന് ശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയും പഞ്ചായത്തിനെ അറിയിക്കുകയും ചെയ്തു. ഒക്‌ടോബർ ആറിന് നടന്ന പഞ്ചായത്ത് യോഗത്തിൽ പെൺകുട്ടിയും പ്രതിയും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു.

തുടർന്ന് പ്രതിയുടെ അമ്മ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പെട്രോൾ തളിക്കുകയും ഗർഭിണിയായ പെൺകുട്ടിയെ തീകൊളുത്താൻ ശ്രമിക്കുകയും ചെയ്‌തതായി കുടുംബം ആരോപിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് സൈഫായിയിലേക്ക് മാറ്റുകയുമായിരുന്നു.

ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 307, 376 വകുപ്പുകളും പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾക്കായി തിരച്ചിൽ നടത്തി വരികയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.