പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്‌കിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുക്രൈനിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ശത്രുത  അവസാനിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും മോദി സംഭാഷണത്തിൽ ആവർത്തിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  റഷ്യയില്‍ നിന്ന് നേരിടുന്ന ആണവായുധ ഭീഷണി സംബന്ധിച്ച് യുക്രൈന്‍ പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയോട് ആശങ്ക അറിയിച്ചുവെന്നാണ് വിവരം.

യുക്രൈന്‍ അധിനിവേശം ശക്തമാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിയും മുന്‍പാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ രാഷ്ട്രത്തലവനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. “ശത്രുത അവസാനിപ്പിക്കണമെന്ന് മോദി സംഭാഷണത്തിൽ ആവർത്തിച്ചു.  സമവായത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി നരേന്ദ്ര മോദി സെലെൻസ്‌കിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ആവർത്തിച്ചു. സംഘര്‍ഷങ്ങളില്‍ സൈനിക നടപടികള്‍ പരിഹാരമുണ്ടാകില്ലെന്ന ഉറച്ച ബോധ്യം മോദി സംഭാഷണത്തില്‍ പ്രകടിപ്പിക്കുകയും, സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തു” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്  പ്രസ്താവനയിൽ അറിയിച്ചു.

യുക്രെെയ്നിലെ ആണവ കേന്ദ്രങ്ങൾ അപകടപ്പെടുത്തുന്നത് പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. റഷ്യ യുക്രെെയ്നിൽ നിന്ന് “നാല് പുതിയ പ്രദേശങ്ങൾ” കൂട്ടിച്ചേർക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചിരുന്നു.  റഷ്യയുടെ നിലനിൽപ്പിനായി  ആണവായുധം ഉപയോഗിക്കുമെന്ന് പുടിൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

റഷ്യ നാല് യുക്രേനിയൻ പ്രദേശങ്ങളില്‍ ജനഹിതപരിശോധന നടത്തി പിടിച്ചടക്കിയതിനെ  അപലപിച്ച് സെപ്തംബർ 30-ന് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച കരട് പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ വിമർശനത്തിനിടയിലും റഷ്യയുടെ എണ്ണ ഇന്ത്യ വാങ്ങുന്നുണ്ട്. ഉയർന്ന എണ്ണവില കുറയ്ക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച കരാർ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കുമെന്നും ഇന്ത്യ അത് തന്നെയാണ് ചെയ്യുന്നതെന്നും ഇന്ത്യ ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിരുന്നു.