ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു. 180 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കിഴക്കന്‍ ജാവയിലെ മലംഗ് റീജന്‍സിയില്‍ നടന്ന മത്സരത്തില്‍ ജാവനീസ് ക്ലബ്ബുകളായ അരേമയുടെയും പെര്‍സെബയ സുരബായയുടെയും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. ടീം തോറ്റതിന് പിന്നാലെ ആയിരക്കണക്കിന് അരേമ ആരാധകര്‍ മൈതാനത്തേക്ക് ഓടിക്കയറുകയായിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിക്കേണ്ടി വന്നു. 

പൊലീസ് നടപടിക്ക് പിന്നാലെ തിക്കിലും തിരക്കിലും പെട്ട് ആരാധകര്‍ ശ്വാസം മുട്ടി മരിച്ചെന്നാണ് വിവരം. മത്സര ശേഷം ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഓടിക്കയറുന്നതും പൊലീസ് ലാത്തി വീശി ഇവരെ ഓടിക്കാന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോകളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

ഇതിനിടെ ഫുട്‌ബോള്‍ മത്സരങ്ങളിലെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്തോനേഷ്യന്‍ കായിക മന്ത്രി സൈനുദ്ദീന്‍ അമാലി രംഗത്തെത്തി. മത്സരം കാണാന്‍ കാണികളെ അനുവദിക്കാതിരിക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം റോയിട്ടേഴ്‌സിനോട് പറഞ്ഞു. അപകടത്തിന് പിന്നാലെ  ഇന്തോനേഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലിഗ 1 ഒരാഴ്ചത്തേക്ക് നിര്‍ത്തിവെച്ചതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് ഇന്തോനേഷ്യ (പിഎസ്എസ്‌ഐ) പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അവര്‍ അറിയിച്ചു.