ബംഗളൂരു: രാഹുൽ ഗാന്ധിയ്‌ക്കെതിരെ കർണ്ണാടക വനം വകുപ്പിന് പരാതി നൽകി ബിജെപി. വന സംരക്ഷണ നിയമം ലംഘിച്ച് ബന്ദിപ്പൂർ വനത്തിലേക്കും, ടൈഗർ സോണിലേക്കും വാഹനങ്ങളുമായി അതിക്രമിച്ച് കയറിയെന്നാണ് പരാതി. രാഹുലിന് പുറമെ സിദ്ധരാമയ്യ, കെകെ ജോർജ്, എംബി പാട്ടീൽ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് കർണാടകയിൽ എത്തിയത്. 

കർണാടകയിലെ ഗുണ്ട്ലുപേട്ട് മേഖലയിലെ ബിജെപി നേതാക്കളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. ബന്ദിപ്പൂർ വനമേഖലയിലും കടുവ മേഖലയിലും വാഹനങ്ങൾക്ക് വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് രാഹുൽ ഗാന്ധി  വാഹനവുമായി വനത്തിൽ കയറിയത്. ബന്ദിപ്പൂർ വനത്തിലൂടെ കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയെ സംസ്ഥാന കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്യുകയും ചെയ്തു. വനനിയമത്തിന്റെ ലംഘനമാണിതെന്ന് ബിജെപി ആരോപിച്ചു.