കോട്ടയം: ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയം ഉയർന്നതിനെ തുടർന്ന് കൂടുതൽ നടപടികളുമായി പൊലീസ്. യുവാവിനെ കൊന്ന്  മൃതദേഹം ചങ്ങനാശേരി പൂവത്ത് വീടിൻ്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായുള്ള സംശയങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇതിനെത്തുടർന്നാണ് കൂടുതൽ നടപടികളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന. 

കൊലപാതകത്തെ കുറിച്ച് കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പൂവത്തെ വീട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മൃതദേഹം ഇവിടെ ഉണ്ടെന്നുള്ള സൂചനകളാണ് ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. മരണപ്പെട്ട വ്യക്തിയുടെ ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബെെക്ക് കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിൽ തോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ചു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തെക്കുറിച്ചുള്ള സൂചനകളും ലഭിച്ചത്. 

സംഭവത്തിൽ ചങ്ങനാശേരി പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പൂവത്തെ വീടിൻ്റെ കോൺക്രീറ്റും മെറ്റലും ഇളക്കി പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ഇതിനടിയിലുള്ളതായി കണ്ടെത്തിയെന്ന സൂചനകളാണ് പുറത്തു വന്നിട്ടുള്ളത്.