പത്തനംതിട്ട: പത്തനംതിട്ട കവിയൂരില്‍ പത്ത് വയസ്സുകാരിയെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് 142 വര്‍ഷം കഠിന തടവ്. കവിയൂര്‍ ഇഞ്ചത്തടി പുലിയളയില്‍ ബാബു എന്ന ആനന്ദനെയാണ് വിവിധ വകുപ്പുകളിലായി പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. എന്നാല്‍ ശിക്ഷ ഒന്നിച്ച് 60 വര്‍ഷം അനുഭവിച്ചാല്‍ മതി. പ്രതിക്ക് അഞ്ചുലക്ഷം രൂപ പിഴയും പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ വിധിച്ചു. പിഴ ഒടുക്കാനായില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ് അനുഭവിക്കണം.

2020-21 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ കാര്യം കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ടതോടെ ചോദിക്കുകയായിരുന്നു. കുട്ടി രാത്രികാലങ്ങളില്‍ കരയുന്നതും പതിവായിരുന്നു. പീഡനവിവരം അറിഞ്ഞതോടെ മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. സിഐ ആയിരുന്ന പി ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.