മോസ്കോ: യുക്രൈന്റെ നാല് പ്രദേശങ്ങൾ ഇനി റഷ്യക്ക് സ്വന്തം. യുക്രൈന്റെ നാല് വിമത പ്രദേശങ്ങളെ റഷ്യയോട് കൂട്ടിചേർത്തുള്ള ഉടമ്പടിയിൽ പ്രസിഡന്റ് വ്ളാദിമിർ പുതിനും അതാത് പ്രദേശങ്ങളിലെ ഭരണാധികാരികളും ഒപ്പുവെച്ചു. ക്രെംലിനിലെ സെയ്ന്റ് ജോർജ് ഹാളിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30-നായിരുന്നു ചടങ്ങ്. നാല് പ്രാദേശിക നേതാക്കൾ ഒരു ടേബിളിലും അതിൽ നിന്ന് ഏറെ അകലത്തിൽ മറ്റൊരു ടേബിളിലും ഇരുന്നാണ് ഉടമ്പടിയിൽ ഒപ്പുവെച്ചത്.

എട്ട് വർഷം മുമ്പ് ക്രൈമിയയൻ മുനമ്പ് പിടിച്ചെടുത്ത് പുതിൻ റഷ്യയോട് ചേർത്തതിന്റെ സമാനമായ അന്തരീക്ഷമായിരുന്നു ചടങ്ങിലെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ഹേഴ്സൻ, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേർക്കുന്നത്. ഇവിടങ്ങളിൽ ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായിരുന്നു. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേർക്കലെന്ന് റഷ്യ വിശദീകരിക്കുന്നു.

2014-ൽ യുക്രൈനിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയൻ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാൻ പുതിയ നാല് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേർന്നാൽ യുക്രൈന്റെ 20 ശതമാനത്തോളമുണ്ട്.

2014-ലെ യുദ്ധത്തിനുശേഷം റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലാണ് ഡോൺബാസ് മേഖലയിലെ ലുഹാൻസ്കും ഡൊണെറ്റ്സ്കും. ഇവിടങ്ങളിൽ യുക്രൈൻ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സൈനികനടപടി എന്നാണ് ഇപ്പോഴത്തെ അധിനിവേശത്തിന് റഷ്യ നൽകുന്ന വിശദീകരണം. യുക്രൈൻ സൈന്യത്തിൽനിന്ന് തിരിച്ചടിനേരിട്ടതോടെയാണ് വിമതപ്രദേശങ്ങളെ ലയിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനമായത്.

യുക്രൈനും യു.എസ്. ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു. ആളുകളെ തോക്കിൻമുനയിൽ നിർത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവർ ആരോപിക്കുന്നു.