ഇസ്ലാമാബാദ്: ജോലിക്കെത്തുമ്പോൾ ക്യാബിൻ ക്രൂ അംഗങ്ങൾ നിർബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന വിചിത്ര ഉത്തരവിറക്കി പാകിസ്താനിലെ ദേശീയ വിമാനക്കമ്പിനിയായ പാകിസ്താൻ ഇന്റർനാഷ്ണർ എയർലൈൻസ് (പിഐഎ). ക്യാബിൻ ക്രൂ അംഗങ്ങളുടെ അനുചിതമായ വസ്ത്രധാരണം അവമതിപ്പുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാർ നിർബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന നിർദേശം വിമാനക്കമ്പനി നൽകിയതെന്ന് പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു.

ചില ക്യാബിൻ ക്രൂ അംഗങ്ങൾ യാത്ര ചെയ്യുമ്പോഴും ഹോട്ടലിൽ താമസിക്കുമ്പോഴും വിവിധ ഓഫീസുകൾ സന്ദർശിക്കുമ്പോഴും അശ്രദ്ധമായ വസ്ത്രം ധരിക്കുന്ന പ്രവണത ആശയങ്കയുളവാക്കുന്നതാണ്. ഇത്തരം വസ്ത്രധാരണ രീതികൾ കാഴ്ചക്കാരിൽ അവമതിപ്പുണ്ടാക്കുമെന്നും ഇത് വ്യക്തികളെ മാത്രമല്ല എയർലൈൻസ് കമ്പനിയുടെ തന്നെ പ്രതിച്ഛായയെ ബാധിക്കുമെന്നും പിഐഎ ജനറൽ മാനേജർ ആമിർ ബാഷിർ ജീവനക്കാർക്ക് അയച്ച മാർഗനിർദേശ കത്തിൽ പറയുന്നു.

യുവാക്കളും യുവതികളും ധരിക്കുന്ന വസ്ത്രം നമ്മുടെ സംസ്ക്കാരത്തിനും ധാർമികതയ്ക്കും അനുസൃതമായിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. 
ജീവനക്കാരുടെ വസ്ത്ര ധാരണം എല്ലായിപ്പോഴും കൃത്യമായി നിരീക്ഷിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. പുതിയ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ജീവനക്കാർക്ക് മുന്നറിയിപ്പുണ്ട്.