എസി റോഡിൽ ഗതാഗത നിരോധനം; ചരക്കുവാഹനങ്ങൾക്ക് നിരോധനം മൂന്ന് മാസത്തോളം. ആലപ്പുഴ – ചങ്ങനാശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുനർനിർമ്മിക്കുന്ന രാമങ്കരി പാലത്തിന്റെ നിർമ്മാണം ഇന്നു തുടങ്ങും. നിർമ്മാണം നടക്കുന്ന 80 ദിവസം ഇതുവഴി വലിയ ചരക്കുവാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു.

വലിയ ചരക്കു വാഹനങ്ങൾക്കു പെരുന്ന ഭാഗത്തു നിന്നു രാമങ്കരി പാലത്തിന്റെ കിഴക്കുഭാഗം വരെയും ആലപ്പുഴ ഭാഗത്തു നിന്നു രാമങ്കരി പാലത്തിന്റെ പടിഞ്ഞാറു ഭാഗം വരെയും മാത്രമേ എത്തിച്ചേരാൻ സാധിക്കൂ.

പെരുന്നയിൽ നിന്ന് ആലപ്പുഴയ്ക്കു പോകേണ്ട വാഹനങ്ങൾ അമ്പലപ്പുഴ – തിരുവല്ല റോഡു വഴി പോകേണ്ടതാണ്. ചെറിയ പ്രാദേശിക വാഹനങ്ങളും സ്കൂൾ ബസും കെഎസ്ആർടിസി ബസും ആംബുലൻസും പോകാൻ സാധിക്കുന്ന തരത്തിൽ പൊളിക്കുന്ന പാലത്തിനു സമീപം ഡൈവർഷൻ റോഡ് ഉണ്ടായിരിക്കുന്നതാണ്.