തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നടനും എംപിയുമായ സുരേഷ് ഗോപി നിര്‍വഹിക്കും. 19ന് വൈകീട്ട് 6.30ന് ഹോട്ടൽ താജ് വിവാന്തയിൽ (പാളയം) നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ വര്‍ഗ്ഗീസ് അധ്യക്ഷനാകും. 

ടി20 മത്സരത്തിന്റെ ടീസര്‍ വിഡിയോയുടെ പ്രകാശനം മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ഇന്ത്യന്‍ താരം സഞ്ജു സാംസണെ ആദരിക്കും. മത്സരത്തിന്റെ ബാങ്കിങ് പാട്ണറായ ഫെഡറല്‍ ബാങ്കുമായും ടിക്കറ്റിങ് പാട്ണറായ പേടിഎം ഇന്‍സൈഡറുമായും മെഡിക്കല്‍ പാട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണാ പത്രങ്ങൾ ചടങ്ങില്‍വച്ചു കൈമാറും. ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി. നായര്‍, ജോയിന്റ് സെക്രട്ടറി അഡ്വ. രജിത് രാജേന്ദ്രന്‍, ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ് എസ്. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.