മുഖ്യമന്ത്രിതല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ സംബന്ധിച്ചു കേരളത്തിന്റെ അവകാശവാദങ്ങള്‍ തള്ളി കര്‍ണാടക മുഖ്യമന്ത്രി പരസ്യമായി രംഗത്ത്. കാഞ്ഞങ്ങാട് – കാണിയൂര്‍ പാതയ്ക്കു പണം മുടക്കാമെന്നു കര്‍ണാടക സമ്മതിച്ചെന്നു കേരളം വാര്‍ത്താ കുറിപ്പ് ഇറക്കിയതിനെ മുഖ്യമന്ത്രി ബസവരാജ ബൊമ്മെ മാധ്യമങ്ങള്‍ക്കു മുന്നില്‍ തള്ളിപ്പറഞ്ഞു.

പരിസ്ഥിതി പ്രാധാന്യമേറിയ സ്ഥലങ്ങളിലൂടെയുള്ള പദ്ധതികള്‍ നടപ്പില്ലെന്നു മുഖ്യമന്ത്രി ബൊമ്മെ തീര്‍ത്തുപറഞ്ഞതോടെ നിലമ്പൂര്‍ – നഞ്ചന്‍കോട്, തലശ്ശേരി – മൈസൂരു തുടങ്ങിയ ബെംഗളൂരുവിലേക്കുള്ള ബദല്‍ റെയില്‍പാത പദ്ധതികള്‍ അവതാളത്തിലായി.

രാവിലെ ഒൻപതരയോടെയാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ബെംഗളൂരുവിൽ കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയത്. ആചാരപൂര്‍വം തലപ്പാവ് അണിയിച്ചു ബൊമ്മെ പിണറായിയെ സ്വീകരിച്ചു. നാല്‍പതു മിനിറ്റു നീണ്ടുനിന്ന യോഗത്തില്‍ ഇരുസംസ്ഥാനങ്ങള്‍ക്കും താല്‍പര്യമുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തുവെന്നു ബെമ്മെ ട്വീറ്റ് ചെയ്തു. 

തൊട്ടുപിറകെ കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാതയ്ക്കു പണം മുടക്കാന്‍ കര്‍ണാടക തത്വത്തില്‍ സമ്മതിച്ചെന്നു കേരളം വാര്‍ത്താകുറിപ്പിറക്കി. എന്നാൽ തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട ബൊമ്മ കന്നഡയ്ക്കു പകരം ഇംഗ്ലിഷില്‍, കേരളത്തിന്റെ റെയില്‍വേ പദ്ധതി നിര്‍ദേശങ്ങള്‍ തള്ളിയെന്നു വ്യക്തമാക്കി.