ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ വിവിധ ഇടങ്ങളിലായി 12 പേര്‍ മരിച്ചു. ലഖ്നൗവില്‍ 9 ഉം ഉന്നാവോയില്‍ 3 പേരുമാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ലഖ്നൗവിലെ ദില്‍കുഷ മേഖലയില്‍ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളുമടക്കം ഒമ്പത് പേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഉത്തര്‍പ്രദേശിലെ ഉന്നാവ്ലും ഇന്നലെ രാത്രിയുണ്ടായ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. 


അപകടത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്ത് എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാനും നിര്‍ദേശിച്ചു.