രാജ്പഥിന്‍റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്‍റെ പേര് മാറ്റി കർത്തവ്യ പഥ് എന്നാക്കി. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. രാജ്പഥും പുൽ മൈതാനവും ഉൾപ്പടെയുള്ള ഭാഗം ഇനി കർത്തവ്യപഥ് എന്നാക്കും. അടിമത്തതിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റുന്നത്.

ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോർജ് അഞ്ചാമൻ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് വിക്ഷേപണ വേളയിൽ നാവികസേന ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്‌സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയിരുന്നു.